---
title: "ആറളത്ത് കുരങ്ങുകൾ പനി ബാധിച്ച് ചത്ത സംഭവം:  മലയോരവാസികൾ ആശങ്കയിൽ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232575/aralam"
published_at: "2024-09-01T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d48bf5b1e87_Screenshot_20240901-211418_Samsung_Internet.jpg"
keywords: []
---

# ആറളത്ത് കുരങ്ങുകൾ പനി ബാധിച്ച് ചത്ത സംഭവം:  മലയോരവാസികൾ ആശങ്കയിൽ

> **Lead Summary:** **ആറളം** : ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ പനി ബാധിച്ച് ചത്തതോടെ മലയോരവാസികൾ ആശങ്കയിൽ. കഴിഞ്ഞദിവസമാണ് ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഇവയുടെ പോസ്റ്റ്മോർട്ടം നടത്തുകയും ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു.

## Article Content

**ആറളം** : ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ പനി ബാധിച്ച് ചത്തതോടെ മലയോരവാസികൾ ആശങ്കയിൽ. കഴിഞ്ഞദിവസമാണ് ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഇവയുടെ പോസ്റ്റ്മോർട്ടം നടത്തുകയും ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു.

തുടർന്ന് ലഭിച്ച പരിശോധന ഫലത്തിലാണ് കുരങ്ങ് പനി ബാധിച്ചാണ് കുരങ്ങുകൾ ചത്തത് എന്ന വിവരം വനം വകുപ്പിന് ലഭിച്ചത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളായ കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ജനങ്ങളാണ് ഇത് കാരണം ഭീതിയിൽ ആയിരിക്കുന്നത്. വളയഞ്ചാൽ, തുള്ളൽ, പൂക്കുണ്ട്, നരിക്കടവ്, അടയ്ക്കാത്തോട്, രാമച്ചി, ശാന്തിഗിരി പ്രദേശമാണ് ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നത്. പ്രദേശത്തെ കൂടുതൽ കുരങ്ങുകൾക്ക് ഇത്തരത്തിൽ രോഗബാധയുണ്ടോ എന്നും കൃത്യമായ അറിവില്ല. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ അതിരൂക്ഷമായ കുരങ്ങ ശല്യമാണ് നിലവിലുള്ളത്. വനത്തിൽ നിന്നും കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നു ജനവാസ മേഖലയിലേക്ക് കുരങ്ങുകൾ എത്താറുണ്ട്. ഇത്തരം കുരങ്ങുകൾ രോഗബാധിതരാണോ എന്ന് പോലും കൃത്യമായി അറിയില്ല. കുരങ്ങുകൾ വീടിനുള്ളിൽ പോലും അതിക്രമിച്ചു കടക്കുക എന്നത് പ്രദേശത്തെ നിത്യ സംഭവമാണ്. തേങ്ങ ,കരിക്ക് പഴവർഗ്ഗങ്ങൾ തുടങ്ങിയ എല്ലാ കാർഷിക വിളകളും കുരങ്ങുകൾ നശിപ്പിക്കാറുണ്ട്. കൃഷിയിടങ്ങളിലും കുരങ്ങ് സാന്നിധ്യം നിരന്തരം ഉള്ളതിനാൽ ഇതുമൂലം രോഗബാധ മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 

കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടും കാര്യമായ പ്രതിരോധ നടപടികൾ ഒന്നും  വനം വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് കുരങ്ങുകളാണ് പ്രദേശത്തുള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232575/aralam)