---
title: "കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ തദ്ദേശ അദാലത്ത് സംഘടിപ്പിച്ചു"
english_title: "Kannuradaalath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232705/kannuradaalath"
published_at: "2024-09-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d58d4c315ce_1000023265.jpg"
keywords: []
---

# കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ തദ്ദേശ അദാലത്ത് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്ത് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കണ്ണൂർ : **വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്ത് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായ വ്യാഖ്യാനം കൊണ്ടോ, യാന്ത്രികമായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ കുരുക്കിൽ അകപ്പെട്ടയാളുകളെ അതിൽനിന്ന് രക്ഷപ്പെടുത്താനും അവർക്ക് നീതി ലഭ്യമാക്കാനും ഉള്ളതാണ് അദാലത്തെന്ന് മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പൊതുതീരുമാനങ്ങളാണ് അദാലത്തുകളിലെടുത്തത്. ഇളവുകൾ മാനുഷികമായ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ്. എന്നാൽ, എല്ലാ ചട്ടലംഘനങ്ങളും സാധൂകരിച്ച്, നിയമലംഘനങ്ങളെ സാധൂകരിക്കാനുള്ള വേദിയല്ല അദാലത്തുകൾ എന്ന് കൂടി വ്യക്തമാക്കുകയാണ്. ഇതുവരെയുള്ള അദാലത്തുകളിൽ 86 ശതമാനം മുതൽ 90 ശതമാനം വരെ പരാതിക്കാർക്ക് അനുകൂലമായിട്ടാണ് തീർപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ഡോ. വി ശിവദാസൻ എംപി, എംഎൽഎമാരായ കെ വി സുമേഷ്, കെ പി മോഹനൻ, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ്ബാബു, കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ എക്‌സിക്യൂട്ടീവ് അംഗം പി മുകുന്ദൻ,

ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെക്രട്ടറി സിഎം കൃഷ്ണൻ, അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ സറീന എ റഹ്‌മാൻ, എഡിഎം കെ നവീൻബാബു, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, എൽ എച്ച് ഡി ചീഫ് എൻജിനീയർ കെ ജി സന്ദീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232705/kannuradaalath)