---
title: "ഹേമ കമ്മിറ്റി: ഹര്‍ജികള്‍ പരിശോധിക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച്"
english_title: "Special Bench Comprising Woman Judge To Examine Petitions "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233398/special-bench-comprising-woman-judge-to-examine-petitions"
published_at: "2024-09-05T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d95c88c46dd_A_News_hema.jpg"
keywords: []
---

# ഹേമ കമ്മിറ്റി: ഹര്‍ജികള്‍ പരിശോധിക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച്

> **Lead Summary:**  കൊച്ചി: ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് ഹൈക്കോടതിയിൽ രൂപീകരിക്കാൻ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നതായിരിക്കും.

## Article Content

 കൊച്ചി: ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് ഹൈക്കോടതിയിൽ രൂപീകരിക്കാൻ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നതായിരിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഓഗസ്റ്റ് 22-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുമെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233398/special-bench-comprising-woman-judge-to-examine-petitions)