---
title: "പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി- യുവാക്കൾക്ക് വിവിധ യുണിഫോം സേനയിലേക്ക് അവസരം; കായികക്ഷമത പരിശീലനം തുടങ്ങി"
english_title: "Chances in forces"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23399/chances-in-forces"
published_at: "2022-01-30T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5fcec346eb_Picsart_22-01-30_08-19-19-590.jpg"
keywords: []
---

# പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി- യുവാക്കൾക്ക് വിവിധ യുണിഫോം സേനയിലേക്ക് അവസരം; കായികക്ഷമത പരിശീലനം തുടങ്ങി

> **Lead Summary:** ഇരിട്ടി:പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി- യുവാക്കൾക്ക് വിവിധതരം യുണിഫോം സേനയിലേക്ക് അവസരം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായികക്ഷമത പരിശീലനം തുടങ്ങി .

## Article Content

ഇരിട്ടി:പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി- യുവാക്കൾക്ക് വിവിധതരം യുണിഫോം സേനയിലേക്ക് അവസരം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായികക്ഷമത പരിശീലനം തുടങ്ങി .

മിലിട്ടറി, പാരാമിലിട്ടറി, പോലീസ്, അഗ്നിരക്ഷാ സേന, വനംവകുപ്പ് എന്നിവയിൽ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് മൂന്ന് മാസം നീണ്ടു നില്ക്കുന്ന തീവ്ര പരിശീലനം ആരംഭിച്ചത്. 17 വയസുമുതൽ 25 വയസുവരെയുള്ളവർക്കാണ് കായിക ക്ഷമത ഉറപ്പാക്കുന്നത്.

ആറളം ഫാം സ്‌ക്കൂളിൽ വെച്ച് നടത്തിയ പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷൻ ടെസ്റ്റിൽ 630 പേരാണ് പങ്കെടുത്തത്. ഇതിൽ കായിക ശേഷിയും പൊതു വിജ്ഞാനവും വിലയിരുത്തി 291 പേർക്കാണ് പരിശീലനം നൽകുന്നത്. പത്താം ക്ലാസ് മുതൽ യോഗ്യത നേടിയവവർക്കാണ് പരിശീലനം. അടുത്ത് നടക്കാനിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ കായിക ശേഷിയിലും പൊതു വിജ്ഞാനത്തിലും മുന്നിൽ എത്തിച്ച് സേനയിൽ അംഗമാക്കുകയാണ് ലക്ഷ്യം.

15 ലക്ഷം രൂപയാണ് പരിശീലനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. പരിശീലന കാലത്ത് കുട്ടികൾക്ക് ഭക്ഷണം, യൂണിഫോം എന്നിവ അനുവദിക്കും. ഇതോടൊപ്പം പി എസ് സി ഉൾപ്പെടെ വിവിധ റിക്രൂട്ട്‌മെന്റിൽ അപേക്ഷിക്കാനുള്ള നടപടിയും സ്വീകരിക്കും. മൂന്ന് മാസം കൊണ്ട് പരിശീലകർക്ക് കായിക ക്ഷമത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ. പി. രാജേഷ്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങളായ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ ,പഞ്ചായത്തംഗങ്ങളായ മിനി ദിനേശൻ, എ.സി. രാജു തുടങ്ങിയവർ സംസാരിച്ചു.

കായികക്ഷമത പരിശീലനം പൂർത്തിയാക്കിയവർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. നിലവിൽ പരിശീലനം നേടുന്നവരെ എല്ലാം സേനയുടെ ഭാഗമാക്കാനുള്ള നടപടി സ്വീകരിക്കും. പരിശീലനം തുടർന്നു നീട്ടേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23399/chances-in-forces)