---
title: "തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234282/thiruvanaththapuram"
published_at: "2024-09-09T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de7309cac04_images_(4)_(24).jpeg"
keywords: []
---

# തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി

> **Lead Summary:**  **തിരുവനന്തപുരം** : അഞ്ച് ദിവസത്തോളം തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരമായി. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍,ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. ലീക്കേജ് ഇല്ല.

## Article Content

 **തിരുവനന്തപുരം** : അഞ്ച് ദിവസത്തോളം തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരമായി. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍,ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. ലീക്കേജ് ഇല്ല.

രാവിലെയോടെ തന്നെ എല്ലായിടത്തും വെള്ളം എത്തുമെന്നാണ് വിവരം. അതേസമയം നേമത്ത് വെള്ളം എത്തിയില്ലെന്നാണ് കൗണ്‍സിലർ അറിയിച്ചത്. ജലവിതരണം താറുമാറായതോടെ തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. ഞായറാഴ്ച പുലർച്ചെയോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥ തലയോഗശേഷം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല. ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതിവിലയിരുത്തി. വൈകിട്ട് നാലോടെ പബിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാല്‍, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകള്‍ ഫലംകണ്ടില്ല. കിള്ളിപ്പാലംജഗതി ഭാഗത്തെ സി.ഐ.ടി റോഡില്‍ സ്ഥാപിച്ച വാല്‍വില്‍ ശനിയാഴ്ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാല്‍വ് അഴിച്ച്‌ വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തില്‍ പൂർത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാല്‍വ് ഫിക്‌ട് ചെയ്തതില്‍ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി. തിരുവനന്തപുരം നാഗർകോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറില്‍ നിന്ന് ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള 700 എം.എം ഡി.ഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികളാണ് ജലവിതരണത്തിന് തടസമായത്. റെയില്‍വേ ലൈനിന്റെ അടിയിലുള്ള 700 എം.എം പൈപ്പ് മാറ്റുന്ന പണിയിലാണ് പിഴവുണ്ടായത്. ഇതാണ് ജലവിതരണം തുർന്നും തടസപ്പെടാൻ കാരണമായത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ അത് കോരി മാറ്റേണ്ടിവന്നു. അതിനുശേഷം നട്ടുകള്‍ മുറുക്കി വാല്‍വുകള്‍ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്നും വാട്ടർ അതോറിട്ടി വിശദീകരണത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234282/thiruvanaththapuram)