---
title: " ഡിജിറ്റല്‍ ഐഡി കാര്‍ഡ്നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം "
english_title: "Digital id cardr"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23455/digital-id-cardr"
published_at: "2022-01-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f64705d9087_images - 2022-01-30T133610.721.jpeg"
keywords: []
---

#  ഡിജിറ്റല്‍ ഐഡി കാര്‍ഡ്നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം 

> **Lead Summary:** ന്യൂഡല്‍ഹി: ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദേശം.എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്.

## Article Content

ന്യൂഡല്‍ഹി: ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദേശം.എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്.

 ഇതുസംബന്ധിച്ച കരട് തയ്യാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐഡിയുടെ രീതി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിര്‍ദേശം വച്ചിട്ടുള്ളത്. നിലവിലുള്ള ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പറയുന്നത്.

ആസ്‌ത്രേലിയ, കാനഡ, ജര്‍മനി, യുകെ, നെതര്‍ലാന്‍ഡ്‌സ്, ശ്രീലങ്ക, യുക്രൈന്‍, സാംബിയ, ഡെന്‍മാര്‍ക്ക് തുടങ്ങി ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ഡിജിറ്റല്‍ ഐഡികള്‍ നിലവിലുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്കും ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ നല്‍കിയിട്ടുണ്ട്. വിര്‍ച്വല്‍ ഐഡി കാര്‍ഡ് എന്ന നിലയിലും ആധാര്‍ ഉപയോഗിക്കാനാകുന്നുണ്ട്.

എല്ലാ വിവരങ്ങളും അടങ്ങിയ കാര്‍ഡ് (മള്‍ട്ടി പര്‍പസ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്) എന്ന നിര്‍ദേശം 2001 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്ബിലുണ്ട്. വാജ്‌പേയി ഭരണകാലത്ത് മന്ത്രിതല സമിതി സമര്‍പ്പിച്ച 'റിഫോമിങ് ദ നാഷണല്‍ സെക്യൂരിറ്റി സിസ്റ്റം' റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുണ്ടായിരുന്നത്. കാര്‍ഗില്‍ സംഘര്‍ഷത്തിന് ശേഷം രൂപവത്കൃതമായ സമിതിയായിരുന്നു ഇത്. അനധികൃത കുടിയേറ്റത്തിന് തടയിടുക എന്നതായിരുന്നു കാര്‍ഡിന്റെ പ്രധാന ലക്ഷ്യം.

2019ല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയം സെസന്‍സസ് കമ്മിഷണറുടെയും പുതിയ ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23455/digital-id-cardr)