---
title: "വെമ്പുഴ പാലത്തിന്റെ നിർമ്മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ: കരിക്കോട്ടക്കരി വികസന സമിതി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234785/iritty"
published_at: "2024-09-11T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1354972856_Screenshot_20240911-114226_WhatsAppBusiness.jpg"
keywords: []
---

# വെമ്പുഴ പാലത്തിന്റെ നിർമ്മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ: കരിക്കോട്ടക്കരി വികസന സമിതി

> **Lead Summary:**  **ഇരിട്ടി** : മലയോര ഹൈവേയിൽ വെമ്പുഴ പാലത്തിന്റെ നിർമ്മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയാണെന്ന് കരിക്കോട്ടക്കരി വികസന സമിതി കുറ്റപ്പെടുത്തി.

## Article Content

 **ഇരിട്ടി** : മലയോര ഹൈവേയിൽ വെമ്പുഴ പാലത്തിന്റെ നിർമ്മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയാണെന്ന് കരിക്കോട്ടക്കരി വികസന സമിതി കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച വൈകുന്നേരം കരിക്കോട്ടക്കരി ടൗണിൽ ചേർന്ന സായാഹ്ന ധർണ്ണയിലാണ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നത്. വള്ളിത്തോട് ആനപ്പന്തി കവല മുതൽ മണത്തന വരെ 83 കോടി രൂപയിൽ നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ പ്രവർത്തികൾ 18 മാസമായിട്ടും ഇഴഞ്ഞ് നീങ്ങുകയാണെന്ന് ധർണ്ണയിൽ പ്രസംഗിച്ചവർ ചൂണ്ടിക്കാണിച്ചു.

ജില്ലയിലെ പ്രധാന കരാറുകൾ എല്ലാം കയ്യാളുന്ന ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥരെ പോലും മാനിക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. വെമ്പുഴ പാലത്തിന്റെ നിർമ്മാണം എട്ട് മാസം പിന്നിടുമ്പോഴും പകുതി വഴിയിൽ നിൽക്കുന്നത് കരിക്കോട്ടക്കരി ഉൾപ്പെടെ മലയോര മേഖലയിലെ ജനങ്ങൾക്ക് കടുത്ത യാത്ര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കരിക്കോട്ടക്കരി ടൗണിൽ നടന്ന സായാഹ്ന ധർണ പഞ്ചായത്ത് അംഗം സിബി വാഴക്കാല ഉദ്ഘാടനം ചെയ്തു. എൻ.പി. തോമസ് അധ്യക്ഷത വഹിച്ചു. അബ്രഹാം വെട്ടിക്കൽ, മനോജ് എം കണ്ടത്തിൽ, ബിജു വർഗീസ്, എൻ.പി. ജോസഫ്, ആന്റണി മാസ്റ്റർ, വർക്കി കോയിക്കലോട്ട്, ടോമി ഞെട്ടറ്റമാലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234785/iritty)