---
title: "കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്"
english_title: "Economic Survey report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23642/Economic-Survey-report"
published_at: "2022-01-31T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7c39b4153c_Screenshot_20220131_163924.jpg"
keywords: []
---

# കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്

> **Lead Summary:** ദില്ലി: കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ ഫലം. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നാണ് സാമ്പത്തിക സർവേ ഫലം വെച്ചത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ കേരളത്തിന്റെ പ്രകടനമാണ് സർവേയിൽ ചൂണ്ടിക്കാട്ടുന്നത്.

## Article Content

ദില്ലി: കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ ഫലം. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നാണ് സാമ്പത്തിക സർവേ ഫലം വെച്ചത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ കേരളത്തിന്റെ പ്രകടനമാണ് സർവേയിൽ ചൂണ്ടിക്കാട്ടുന്നത്.

സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെ കേരളത്തിന്റെ പ്രകടനം രാജ്യത്ത് മികച്ചതെന്നും സാമ്പത്തിക സർവ്വേ ഫലത്തിൽ വ്യക്തമാക്കുന്നുണ്ട്.കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23642/Economic-Survey-report)