---
title: "കേരളാ കർണ്ണാടക അതിർത്തി പങ്കിടുന്ന പേരട്ട മേഖലയിലെ ഉൾഗ്രാമങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ശോചനീയാവസ്ഥ  തുടരുന്നു "
english_title: "The deplorable condition of the roads"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23814/The-deplorable-condition-of-the-roads"
published_at: "2022-02-01T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8fdafdc44e_Picsart_22-02-01_14-59-42-487.jpg"
keywords: []
---

# കേരളാ കർണ്ണാടക അതിർത്തി പങ്കിടുന്ന പേരട്ട മേഖലയിലെ ഉൾഗ്രാമങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ശോചനീയാവസ്ഥ  തുടരുന്നു 

> **Lead Summary:** കേരളാ കർണ്ണാടക അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ പേരട്ട മേഖലയിലെ ഉൾഗ്രാമങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഇനിയും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. തകർന്നു തരിപ്പണമായ റോഡിലൂടെയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്.

## Article Content

കേരളാ കർണ്ണാടക അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ പേരട്ട മേഖലയിലെ ഉൾഗ്രാമങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഇനിയും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. തകർന്നു തരിപ്പണമായ റോഡിലൂടെയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്.

സർക്കാരിൻ്റെ ശ്രദ്ധയിൽ വിഷയം അവതരിപ്പിക്കുന്നതിനായി വാർഡ് മെമ്പരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം കൈമാറി. ഉളിക്കൽ പഞ്ചായത്തിലെ അറബി - കോളിത്തട്ട് -പേരട്ട -തൊട്ടിപ്പാലം റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് വർഷങ്ങളായി ജനങ്ങൾക്കിടയിൽ നിന്നും ആവശ്യങ്ങൾ ഉയർന്നു വന്നിട്ടുള്ളത്.

സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി ഉളിക്കൽ -കോളിത്തട്ട് റോഡിൻ്റെ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും കേരളത്തട്ടിൽ നിന്നും പേരട്ടയ്ക്കും, തൊട്ടിപ്പാലത്തിലേക്കുമുള്ള റോഡുകളുടെ വികസനത്തിൻ്റെ കാര്യത്തിൽ അധികൃതർക്ക് അനങ്ങാപ്പാറ നയമാണ് തുടർന്നു പോരുന്നത്.

നാടിൻ്റെ ആവശ്യങ്ങൾ പറഞ്ഞ് വാർഡു മെമ്പറെ ജനങ്ങൾ കാണുമ്പോഴും രാജ്യാന്തര നിലവാരത്തിലുള്ള മികച്ച റോഡിനായി ഭരണതലങ്ങളിൽ നിവേദനങ്ങളുമായി കയറിയിറങ്ങുകയാണ് ജനപ്രതിനിധികൾ. അടുത്ത വികസന പദ്ധതികൾ വിവരിക്കുമ്പോൾ തങ്ങളുടെ റോഡിനും പരിഗണന നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ഉളിക്കൽ പഞ്ചായത്തിലെ അഞ്ചോളം വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നു പോകുന്ന പേരട്ട റോഡിന് ഉടൻ ശാപമോക്ഷം നൽകണമെന്നാണ് വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23814/The-deplorable-condition-of-the-roads)