---
title: "ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു"
english_title: "Bus charge increasing decision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23929/bus-charge-increasing-decision"
published_at: "2022-02-02T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9f32b1ae90_images - 2022-02-02T082737.471.jpeg"
keywords: []
---

# ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

> **Lead Summary:** തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയെ അറിയച്ചതായും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

## Article Content

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയെ അറിയച്ചതായും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടര കിലോമീറ്റര്‍ ദൂരത്തിനുള്ള മിനിമം ചാര്‍ജ് എട്ട് രൂപയില്‍നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണ് കമ്മിഷന്റെ ശുപാര്‍ശ. ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് അഞ്ച് രൂപയായി കൂട്ടും. നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാര്‍ഥികളുടെ നിരക്ക്.

രാത്രിയാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്കിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുക 14 ആക്കണമെന്നാണ് കമ്മിഷന്‍ പറയുന്നത്. എന്നാല്‍ സൗജന്യയാത്ര സംബന്ധിച്ച്‌ കമ്മിഷന്‍ വ്യക്തമായൊരു സമീപനം സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കാമെന്നാണ് കമ്മിഷന്‍ നിലപാട്.

ഇന്ധനവില ഉയര്‍ന്നതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും മൂലമാണ് സ്വകാര്യം ബസുടമകള്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം.

ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കല്‍ കൂടി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23929/bus-charge-increasing-decision)