---
title: "മിന്നൽ മുരളിയെ ചോദ്യപ്പേപ്പറിലെത്തിച്ച് കുര്യൻ സാർ "
english_title: "Minnal murali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23983/minnal-murali"
published_at: "2022-02-02T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2b786fcae_IMG-20220202-WA0053.jpg"
keywords: []
---

# മിന്നൽ മുരളിയെ ചോദ്യപ്പേപ്പറിലെത്തിച്ച് കുര്യൻ സാർ 

> **Lead Summary:** കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന കുട്ടികൾ ഒന്നില്ലാതെ സീരീസ് എക്സാം ഹാളിനുള്ളിൽ ഇരുന്ന് പരസ്‍പരം നോക്കി ഊറിച്ചിരിച്ചു. പ്രിയ അധ്യാപകൻ കുര്യൻ സാറിനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഇത്തവണയും അസ്ഥാനത്തായില്ല. അവർ കരുതിയിരുന്ന പോലെ ഒരു രസികൻ കഥയുടെ രൂപത്തിലാണ് ഇത്തവണത്തെ ചോദ്യപ്പേപ്പർ.

## Article Content

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന കുട്ടികൾ ഒന്നില്ലാതെ സീരീസ് എക്സാം ഹാളിനുള്ളിൽ ഇരുന്ന് പരസ്‍പരം നോക്കി ഊറിച്ചിരിച്ചു. പ്രിയ അധ്യാപകൻ കുര്യൻ സാറിനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഇത്തവണയും അസ്ഥാനത്തായില്ല. അവർ കരുതിയിരുന്ന പോലെ ഒരു രസികൻ കഥയുടെ രൂപത്തിലാണ് ഇത്തവണത്തെ ചോദ്യപ്പേപ്പർ.

കുര്യൻ സർ ചോദ്യപ്പേപ്പറിൽ കഥ പറയുന്നത് ഇതാദ്യമായിട്ടല്ല. മുമ്പുള്ള കഥകളിൽ പലതിലും ക്‌ളാസ്സിലെ പിള്ളേരുടെ പേരുകൾ വെച്ചാണ് കഥയുണ്ടാക്കിയിരുന്നത് എങ്കിൽ, ഇത്തവണത്തെ കഥ അതുക്കും മേലെയാണ്. 'കുറുക്കൻ മൂല' എന്ന സാങ്കല്‍പിക കുഗ്രാമത്തിൽ ജനിച്ച്, ആഗോളപ്രസിദ്ധനായിത്തീർന്ന 'മിന്നൽ മുരളി'യാണ് ഇത്തവണ ചോദ്യപ്പേപ്പറിലെ താരം.

എന്തായാലും, രണ്ടു മണിക്കൂർ നേരം അമ്പതുമാർക്കിനുള്ള ചോദ്യങ്ങൾക്ക് മൂന്നാം സെമസ്റ്റർ മെക്കാനിക്കലിലെ വിദ്യാർഥികൾ എല്ലാവരും ഏറെ രസിച്ചു തന്നെ ഉത്തരം നൽകി. മിനിഞ്ഞാന്ന് പരീക്ഷ കഴിഞ്ഞതിനു പിന്നാലെ കുര്യൻ സാറിനു കൊവിഡ് സ്ഥിരീകരിച്ചതോടെ, അതിൽ  എത്രപേർ 'കഥയടിച്ചു', എത്രപേർ കാര്യമെഴുതി മാർക്ക് വാങ്ങി എന്നതിലെ സസ്പെൻസ് നീങ്ങാൻ സാർ നെഗറ്റീവ് ആകും വരെ കാത്തിരിക്കേണ്ടി വരും കുട്ടികൾക്ക്.

വിവരമറിഞ്ഞ്, കഴിഞ്ഞ ദിവസം  സാക്ഷാൽ ബേസിൽ ജോസഫും കുര്യൻ സാറിനെ ബന്ധപ്പെടുകയുണ്ടായി. ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞ, 'ഒരു ഇന്റർനാഷണൽ സൂപ്പർ ഹീറോ' ആയി ഉയർന്നു കഴിഞ്ഞ 'മിന്നൽ മുരളി',  ഇങ്ങു കേരളത്തിൽ  ഒരു എഞ്ചിനീയറിങ് സീരീസ് എക്‌സാമിന്റെ ചോദ്യപ്പേപ്പറിൽ കൂടി തന്റെ സാന്നിധ്യം അറിയിച്ചതിൽ സംവിധായകനും തികഞ്ഞ സന്തോഷത്തിലാണ്.

ചോദ്യപ്പേപ്പറിൽ വ്യത്യസ്‍തത കൊണ്ടുവരാൻ വേണ്ടി പേരിനു 'മിന്നൽ മുരളി'യുടെ കഥയിലെ അംശങ്ങൾ ചേർക്കുക മാത്രമല്ല കുര്യൻ സാർ  ചെയ്‍തിട്ടുള്ളത്എന്ന് ബേസിൽ പറഞ്ഞു.മുൻ സിനിമകളായ 'കുഞ്ഞിരാമായണം', 'ഗോദ' എന്നിവയിലെ കഥ നടക്കുന്ന 'ദേശം', 'കണ്ണാടിക്കൽ' തുടങ്ങിയ അയൽഗ്രാമങ്ങളെ 'മിന്നൽ മുരളി'യുടെ ഗ്രാമമായ 'കുറുക്കൻ മൂല'യുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു സമാന്തര ലോകം തന്നെ ആ ചോദ്യപ്പേപ്പറിൽ പുനഃസൃഷ്‍ടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

ഒരേസമയം എഞ്ചിനീയറിങ്ങിലും സിനിമയിലും സൂക്ഷ്‍മദൃക്കായ ഒരാൾക്ക് മാത്രം സാധിക്കുന്ന ഒരനുഭവമാണ് ചോദ്യപ്പേപ്പറിലൂടെ കുര്യൻ സാർ സൃഷ്ടിച്ചെടുത്തിട്ടുള്ളത് എന്നും, ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഇത്തരം ശ്രമങ്ങൾ തനിക്ക് അളവറ്റ കൃതാർത്ഥത പകരുന്നു എന്നും ബേസിൽ ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23983/minnal-murali)