---
title: "റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ റദ്ദാക്കി"
english_title: "Train cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24145/train-cancelled"
published_at: "2022-02-03T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb4f6f0d87f_images - 2022-02-03T091327.634.jpeg"
keywords: []
---

# റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** മുംബൈ; റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും.

## Article Content

മുംബൈ; റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും.

താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയവയില്‍ കൊച്ചുവേളിയും തുരന്തോ എക്സ്പ്രസും

എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സിഎസ്ടി., ദാദര്‍, എല്‍ടിടി എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറേണ്ടതാണെന്നും റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ പാതയിലൂടെ പോകേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.

റദ്ദാക്കിയ തീവണ്ടികളില്‍ ചിലത്

എല്‍.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.

കൊച്ചുവേളി-എല്‍.ടി.ടി.(22114)- ഫെബ്രുവരി ഏഴ്

എറണാകുളം-എല്‍.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്

എല്‍.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്

സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24145/train-cancelled)