---
title: "ഉൽപാദന ലക്ഷ്യം കൈവരിച്ച് അയ്യൻകുന്നിലെ ബാരാപോൾ ചെറുകിട ജലവൈദ്യുത നിലയം "
english_title: "Barapol hydroelectric power plant achieves production target "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242553/barapol-hydroelectric-power-plant-achieves-production-target"
published_at: "2024-10-14T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d14681d4f7_barapol.jpg"
keywords: []
---

# ഉൽപാദന ലക്ഷ്യം കൈവരിച്ച് അയ്യൻകുന്നിലെ ബാരാപോൾ ചെറുകിട ജലവൈദ്യുത നിലയം 

> **Lead Summary:** ഇരിട്ടി : ഇത്തവണ പ്രതീക്ഷിച്ചതിലും മുൻപ് തന്നെ ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ബാരാ പോൾ മിനി ജലവൈദ്യുത നിലയം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉൽപാദന ലക്ഷ്യം നിലയം മറികടന്നത്. മഴ കുറഞ്ഞതോടെ രണ്ട് ജനറേറ്ററുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ലക്ഷ്യം മറികടന്നതോടെ ഇത്തവണ ഉത്പാദനം 40 ദശലക്ഷം യൂണിറ്റ് മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവെക്കുന്നത്.

## Article Content

ഇരിട്ടി : ഇത്തവണ പ്രതീക്ഷിച്ചതിലും മുൻപ് തന്നെ ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ബാരാ പോൾ മിനി ജലവൈദ്യുത നിലയം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉൽപാദന ലക്ഷ്യം നിലയം മറികടന്നത്. മഴ കുറഞ്ഞതോടെ രണ്ട് ജനറേറ്ററുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ലക്ഷ്യം മറികടന്നതോടെ ഇത്തവണ ഉത്പാദനം 40 ദശലക്ഷം യൂണിറ്റ് മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവെക്കുന്നത്.

തുലാവർഷം ഉൾപ്പെടെ ലഭിക്കാൻ ഉള്ളതുകൊണ്ട് 40 ദശലക്ഷം യൂണിറ്റ് മറികടക്കാൻ കഴിയും എന്നതാണ് പൊതുവിൽ ലഭിക്കുന്ന വിലയിരുത്തൽ. കേരളത്തിലെ ലാഭകരമായി പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങളിൽ ഒന്നാണ് ബാരാ പോൾ. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞവർഷം 35.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു ഉല്പാദിപ്പിച്ചത്. ബാരപോളിൽ നിന്നുള്ള സോളാർ വൈദ്യുതി ഉൽപാദനം മെച്ചപ്പെട്ട നിലയിലാണ്. സോളാർ സീസൺ ആരംഭിച്ച് ഇതുവരെ 2.89 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു കഴിഞ്ഞു. സോളാർ യൂണിറ്റുകളുടെ കൃത്യമായ പരിപാലനമാണ് മികച്ച രീതിയിലുള്ള സോളാർ വൈദ്യുതി ഉൽപാദനത്തിന് പിന്നിൽ.

ബാരാ പോൾ ചെറുകിട വൈദ്യുതനിരയത്തിന് മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ നിലയത്തിനുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറയും സുരക്ഷ ഗേറ്റും സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി നിലയത്തിൽ രാത്രികാലങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിനെയും കർണ്ണാടകയിലെ കുടക് ജില്ലയിലെ മാക്കൂട്ടത്തെയും വേർതിരിക്കുന്ന ബാരാപ്പോൾ പുഴയിലാണ് ഈ പദ്ധതി . കൂട്ടുപുഴക്കു അടുത്ത് പാലത്തിങ്കടവിൽ ആണ് പദ്ധതിയിലെ പവർഹൗസ് നിർമിച്ചിട്ടുള്ളത്. പൂർണ്ണമായും കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ളതാണ് ബാരാപ്പോൾ ജലവൈദ്യുത പദ്ധതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242553/barapol-hydroelectric-power-plant-achieves-production-target)