---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗന്‍ സംവിധാനം: പരീക്ഷണപ്പറക്കല്‍ നടത്തി   "
english_title: "The test flight was performed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24579/The-test-flight-was-performed"
published_at: "2022-02-05T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe130774909_image(1).JPG"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗന്‍ സംവിധാനം: പരീക്ഷണപ്പറക്കല്‍ നടത്തി   

> **Lead Summary:**  ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗന്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തില്‍ രണ്ടുദിവസത്തെ കാലിബ്രേഷന്‍ നടത്തിയത്.

## Article Content

 ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗന്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തില്‍ രണ്ടുദിവസത്തെ കാലിബ്രേഷന്‍ നടത്തിയത്.

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഗഗന്‍ (ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍) വഴി ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച് നടപ്പാക്കുന്നത്.

ഐ.എസ്.ആര്‍.ഒ.യും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് 774 കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക. മോശം കാലാവസ്ഥയിലും റണ്‍വേയില്‍ സുരക്ഷിതമായി വിമാനമിറക്കാന്‍ ഇതുവഴി സാധിക്കും. അപ്രോച്ച് പ്രൊസീജിയര്‍ കാലിബ്രേഷന്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് പൂര്‍ത്തിയായത്.

പരിശോധനയുടെ റിപ്പോര്‍ട്ട് ഡി.ജി.സി.എ.ക്ക് കൈമാറും. ഡി.ജി.സി.എ.യുടെ അനുമതി ലഭിക്കുന്നതോടെ ഗഗന്‍ സംവിധാനം വിമാനത്താവളത്തില്‍ പ്രവര്‍ത്തനക്ഷമമാകും. ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ലാന്‍ഡിങ് രീതിയായതിനാല്‍ വിമാനത്താവളത്തില്‍ പ്രത്യേക ഉപകരണങ്ങളൊന്നും സ്ഥാപിക്കേണ്ടതില്ല.

പൈലറ്റ് അനൂപ് കച്ച്റു, സഹ പൈലറ്റ് ശക്തി സിങ് എന്നിവരാണ് കാലിബ്രേഷന്‍ വിമാനം പറത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസര്‍ സിങ്, എല്‍.ഡി.മൊഹന്തി, നവീന്‍ ദൂദി, ഡി.ജി.സി.എ. ഉദ്യോഗസ്ഥരായ രവീന്ദര്‍ സിങ് ജംവാള്‍, വാസു ഗുപ്ത, എ.എം.ഇ. തരുണ്‍ അഹ്ലാവത്ത്, ടെക്നീഷ്യന്‍ സച്ചിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കിയാല്‍ സി.ഒ.ഒ.എം.സുഭാഷ്, ഓപ്പറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള്‍ എന്നിവരും പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ പലപ്പോഴും മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിടാറുണ്ട്. മൂടല്‍മഞ്ഞ് കാരണം വ്യാഴാഴ്ച രാവിലെ ഹൈദരാബാദില്‍നിന്നുള്ള വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടിരുന്നു.

ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണമായ ഐ.എല്‍.എസ് (ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം) കണ്ണൂരിലെ ഒരു റണ്‍വേയില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാമത്തെ റണ്‍വേയിലും ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റണ്‍വേ വികസനം നടത്തേണ്ടതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24579/The-test-flight-was-performed)