---
title: "ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു"
english_title: "Revised Higher Secondary Examination Manual"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24584/revised-higher-secondary-examination-manual"
published_at: "2022-02-05T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe1745dd16c_sslc_exam1_2021_april9.jpg"
keywords: []
---

# ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു

> **Lead Summary:** ഹയര്‍സെക്കന്‍ഡറി സ്‌കോര്‍ ഷീറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും. നിലവില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമ്പോള്‍ സ്‌കോര്‍ഷീറ്റില്‍ ഗ്രേസ് മാര്‍ക്ക് അവാര്‍ഡഡ് എന്ന് മാത്രമാണ് രേഖപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പരിഷ്‌കരിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

## Article Content

ഹയര്‍സെക്കന്‍ഡറി സ്‌കോര്‍ ഷീറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും. നിലവില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമ്പോള്‍ സ്‌കോര്‍ഷീറ്റില്‍ ഗ്രേസ് മാര്‍ക്ക് അവാര്‍ഡഡ് എന്ന് മാത്രമാണ് രേഖപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പരിഷ്‌കരിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ടമൂല്യനിര്‍ണയം നടത്തും. ലഭിക്കുന്ന സ്‌കോറുകള്‍ പരമാവധി മാര്‍ക്കിന്റെ 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ ലഭ്യമായ രണ്ടു സ്‌കോറുകളുടെയും ശരാശരി മാര്‍ക്ക് ലഭിക്കും. വ്യത്യാസം 10 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തും.

ഇതില്‍ ലഭിക്കുന്ന സ്‌കോറിന്റെയും ഇരട്ടമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന സ്‌കോറില്‍ ഇതുമായി ഏറ്റവും അടുത്തുള്ള സ്‌കോറിന്റെയും ശരാശരിയാണ് നല്‍കുക. പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന സ്‌കോര്‍ വിദ്യാര്‍ഥിക്ക് ആദ്യം ലഭിച്ചതിനേക്കാള്‍ ഒരു സ്‌കോറെങ്കിലും അധികമാണെങ്കില്‍ അതു ലഭ്യമാക്കും. കുറവാണെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തും.

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷയോടൊപ്പം നല്‍കേണ്ട സത്യവാങ്മൂലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവുവരുത്തി. ഇനിമുതല്‍ നോട്ടറിയില്‍നിന്നുള്ള അഫിഡവിറ്റ് മതി. കംപാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കാനാകാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ താത്മര്യമനുസരിച്ച് പരീക്ഷയെഴുതാം. ഒന്നാംവര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം വര്‍ഷത്തെ ഉയര്‍ന്ന സ്‌കോറും രണ്ടാംവര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒന്നാം വര്‍ഷത്തെ ഉയര്‍ന്ന സ്‌കോറും നിലനിര്‍ത്തും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24584/revised-higher-secondary-examination-manual)