---
title: "ഒന്നര വര്‍ഷം മുന്‍പ് വിവാഹം;  ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി"
english_title: "  Man kills wife and commits suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246053/man-kills-wife-and-commits-suicide"
published_at: "2024-10-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720fc571f693_murder.jpg"
keywords: []
---

# ഒന്നര വര്‍ഷം മുന്‍പ് വിവാഹം;  ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

> **Lead Summary:** തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു വാണ് ഭാര്യ ലിഞ്ചു വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

## Article Content

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു വാണ് ഭാര്യ ലിഞ്ചു വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

ജോജുവിന്റെ രണ്ടാം വിവാഹവും ലഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം. കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246053/man-kills-wife-and-commits-suicide)