Categories
headlines

ആരോഗ്യ രംഗത്തുണ്ടായത് ജനകീയമുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

 

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ ജനകീയമുന്നേറ്റമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാവണമെന്ന ആഗ്രഹത്തോടെ ആളുകള്‍ സഹായഹസ്തവുമായി വരുന്ന സ്ഥിതിയാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ട്രോമ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ലഭ്യമാക്കിയ മാരുതി ഇഇസിഒ 25 ആംബുലന്‍സിന്റെ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായകരമായി. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ മാനസിക ആരോഗ്യത്തിന്റെയും ശ്വാസകോശ രോഗങ്ങളുടെയും നിര്‍ണയത്തിന് സഹായകരമായി. മറ്റു രാജ്യങ്ങളിലേത് പോലെ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ ഉണ്ടായില്ല. ആരോഗ്യമേഖലയില്‍ നേരത്തെ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ വിജയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിക്കായി 100 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 56 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. ജില്ലാ ആശുപത്രിയുടെ വികസനം ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. കാഷ്വാലിറ്റി നവീകരിച്ചു. 2.57 ലക്ഷം കോടി രൂപയുടെ മെറ്റേണിറ്റി ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളോടു കൂടി ഒ പിയും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. കാര്‍ഡിയോ വിഭാഗവും സ്‌ട്രോക്ക് ചികിത്സയും കാത്ത് ലാബും ആരംഭിക്കുന്നുണ്ട്. ബ്ലഡ് ബാങ്കും കുട്ടികളുടെ ബ്ലോക്കും മോര്‍ച്ചറിയും നവീകരിച്ചതായും മന്ത്രി പറഞ്ഞു.
ട്രോമ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നയാളുടെ അപകടനില അനുസരിച്ച് റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് അടിയന്തര വൈദ്യസഹായം നല്‍കുന്നത്. ആകെ 15 ബെഡുകളാണ് യൂണിറ്റിലുള്ളത്. റെഡ് സോണില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള രണ്ട് ബെഡുകളും ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ക്കായുള്ള യെല്ലോ സോണില്‍ നാല് ബെഡുകളും നിരീക്ഷത്തില്‍ കഴിയുന്നവര്‍ക്കായുള്ള ഗ്രീന്‍ സോണില്‍ ഒമ്പത് ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്.
യൂണിറ്റില്‍ പ്രവേശിപ്പിക്കുന്ന സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനവുമുണ്ട്. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഹൗസ് സര്‍ജന്‍, എന്നിവര്‍ക്കായി പ്രത്യേകം മുറിയും ഇവിടെയുണ്ട്.
1 കോടി 90 ലക്ഷം രൂപ ചെലവിലാണ് ട്രോമ കെയര്‍ യൂണിറ്റ് സജ്ജമാക്കിയത്. ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതിയില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉള്‍പ്പെടെയാണിത്.
ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക്, കാന്റോണ്‍മെന്റ് വൈസ് പ്രസിഡന്റ് കേണല്‍ പദ്മനാഭന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് വി കെ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP