---
title: "സമഗ്രശിക്ഷാ കേരളം പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ജൂഡോ സ്വയംപ്രതിരോധ പരിശീലനപരിപാടിക്ക് തുടക്കമിട്ടു"
english_title: "Comprehensive Education Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25379/Comprehensive-Education-Kerala"
published_at: "2022-02-09T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62038a0922c93_Picsart_22-02-09_15-01-11-286.jpg"
keywords: []
---

# സമഗ്രശിക്ഷാ കേരളം പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ജൂഡോ സ്വയംപ്രതിരോധ പരിശീലനപരിപാടിക്ക് തുടക്കമിട്ടു

> **Lead Summary:** സമഗ്രശിക്ഷാ കേരളം പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ജൂഡോ സ്വയംപ്രതിരോധ പരിശീലനപരിപാടിക്ക് തുടക്കമിട്ടു.പയ്യന്നൂർ ഷേണായി സ്മാരകഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി സമീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

സമഗ്രശിക്ഷാ കേരളം പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ജൂഡോ സ്വയംപ്രതിരോധ പരിശീലനപരിപാടിക്ക് തുടക്കമിട്ടു.പയ്യന്നൂർ ഷേണായി സ്മാരകഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി സമീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 7 മുതല്‍ 12 വരെ ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ/ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിൻ്റെ ഭാഗമായാണ് ജൂഡോ പരിശീലനം ആരംഭിച്ചത്. ഷേണായി സ്മാരക ഹയർ സെക്കൻ്ററി സ്കൂളിനെ ക്ലസ്റ്റർ ആയി കണക്കാക്കി ജി എച്ച് എസ് എസ് വെളളൂർ, ജിജി എച്ച് എസ് പയ്യന്നൂർ, എ കെ എ എസ് ജി വി എച്ച് എസ് എസ് ,ജി എച്ച് എസ് എസ് കോറോം എന്നീ മറ്റു ഗവൺമെൻറ് സ്കൂളുകളിലെ അടക്കം 40 ഓളം പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.

സ്ത്രീ സമത്വത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും, സമൂഹത്തില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടികളിലൂടെയും പെൺകുട്ടികളെ ശാക്തീകരിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ഷേണായിസ്മാരക ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീവിനോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രെയിനർ വി പി ശശിധരൻ പദ്ധതി വിശദീകരണം നടത്തി. സീനിയർ അസിസ്റ്റൻറ് ടി പി ഫായിസബി, സി ആർ സി കോ ഓർഡിറ്റർ എം ഹർഷ,പിടിഎ പ്രസിഡൻ്റ് കമാലക്ഷൻ,പ്രോഗ്രാം കൺവീനർ സേതുമാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

4 സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളായാണ് പരിശീലനം. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാകും പരിശീലനം നല്‍കുക.ഇതിനായി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കും. ജില്ലാ, ബ്ലോക്ക് തല മോണിട്ടറിംഗ് സമിതി രൂപീകരിക്കുകയും പരിശീലനത്തിന്റെ പുരോഗതി കൃത്യമായ ഇടവേളകളില്‍ ഉറപ്പു വരുത്തുകയും ചെയ്യും.

മാർച്ച് 15ഓടെ പൂര്‍ത്തിയാക്കുന്ന പരിശീലനത്തിലെ അറിവുകള്‍ ജനപ്രതിനിധികള്‍, പി.ടി.എ, എസ്.എം.സി, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പൊതു ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25379/Comprehensive-Education-Kerala)