---
title: "രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുമതി: ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർവകക്ഷി സംഘം തീരുമാനിച്ചു  "
english_title: "Rajagiri Quarry and Crusher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25420/Rajagiri-Quarry-and-Crusher"
published_at: "2022-02-09T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203a825935bb_Picsart_22-02-09_17-09-42-439.jpg"
keywords: []
---

# രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുമതി: ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർവകക്ഷി സംഘം തീരുമാനിച്ചു  

> **Lead Summary:** ചെറുപുഴ: രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ ഏകജാലകം വഴി അനുമതി നേടിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർവകക്ഷി സംഘം തീരുമാനിച്ചു . ചെറുപുഴ പഞ്ചായത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി സംഘം ആണ് ഐക്യകണ്ഠേന ക്വാറിക്ക് എതിരെ പ്രമേയം പാസാക്കിയത്.

## Article Content

ചെറുപുഴ: രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ ഏകജാലകം വഴി അനുമതി നേടിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർവകക്ഷി സംഘം തീരുമാനിച്ചു . ചെറുപുഴ പഞ്ചായത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി സംഘം ആണ് ഐക്യകണ്ഠേന ക്വാറിക്ക് എതിരെ പ്രമേയം പാസാക്കിയത്.

മലയോര മേഖലയുടെ നാശത്തിനു തന്നെ കാരണമാകുന്ന ക്വാറിയും ക്രഷറും ഒരു കാരണവശാലും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രദേശവാസികൾ. ഇതിനുപുറമെ രാജഗിരി - ജോസ്ഗിരി പൊതുമരാമത്ത് റോഡിനോട് ചേർന്നാണു ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്.

ക്വാറിയിൽ നടക്കുന്ന സ്ഫോടനത്തിൽ കല്ലുകൾ തെറിച്ചു അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. ജനങ്ങളുടെ ആവശ്യപ്രകാരം ഗ്രാമസഭ ചേർന്നു പ്രമേയം പാസ്സാക്കിയാണു ക്വാറി അടച്ചുപൂട്ടിയത്. ജനഹിതത്തിനു എതിരെ ഏകജാലക സംവിധാനം വഴിയാണ് ഇപ്പോൾ ക്വാറിയ്ക്ക് പ്രവർത്താനുമതി നേടിയെടുത്തിരിക്കുന്നത്.

റെഡ് സോണിൽപ്പെട്ട പ്രദേശമാണിതെന്നും പൈപ്പിംഗ് പ്രതിഭാസവുമുണ്ടെന്നും ഇവിടെ ക്വാറിയ്ക്ക് പ്രവർത്തനാനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർവ്വ കക്ഷിസംഘം വിലയിരുത്തി.പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്.അലക്സാണ്ടർ, വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.ബാലകൃഷ്ണൻ, കെ.കെ.ജോയ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ആർ.ചന്ദ്രകാന്ത്, ലോക്കൽ സെക്രട്ടറി സിബി.എം.തോമസ്, സിപിഎം നേതാക്കളായ കെ.പി.ഗോപാലൻ, കെ. ഡി. അഗസ്റ്റ്യൻ, കെ.എം.ഷാജി, കെ.എസ്.ദിലീഷ്, കോൺഗ്രസ് നേതാക്കളായ കെ.കെ. സുരേഷ് കുമാർ, ആലയിൽ ബാലകൃഷ്ണൻ, എം. കരുണാകരൻ, ബിജെപി പഞ്ചായത്ത് സെക്രട്ടറി രാജു ചുണ്ട, റെജി ജോസഫ്, കേരള കോൺഗ്രസ് പ്രതിനിധി ജോസഫ് മുള്ളമട, കോൺഗ്രസ് പ്രതിനിധി സുരേഷ്, എന്നിവരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സർവകക്ഷി സംഘം രാജഗിരി,ചൂരപ്പടവ് ക്വാറികൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25420/Rajagiri-Quarry-and-Crusher)