---
title: "കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255145/banglore"
published_at: "2024-12-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757cf2503019_IMG-20241210-WA0014.jpg"
keywords: []
---

# കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

> **Lead Summary:** ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു.

## Article Content

ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു.

2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു.

2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു.

ബ്രാൻഡ് ബെംഗളുരുവിന്‍റെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്എം കൃഷ്‌ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കൺ വാലിയും ടെക് നഗരവുമായി വളർത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സോഷ്യലിസ്റ്റായി തുടങ്ങി കോൺഗ്രസുകാരനായി ജീവിച്ച് ഒടുവിൽ ബിജെപിയിലെത്തിയ ശേഷം വിരമിക്കൽ.

ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂർത്തിയാക്കിയ എസ് എം കൃഷ്ണ സുരക്ഷിതമായ ഒരു ജോലി തെരഞ്ഞെടുക്കുന്നതിന് പകരം കർണാടക രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255145/banglore)