---
title: "ആർ.ബാബു വിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു: സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങി      "
english_title: "Babu's health improved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25547/Babu's-health-improved"
published_at: "2022-02-10T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204b9c7ac319_Picsart_22-02-10_12-37-03-866.jpg"
keywords: []
---

# ആർ.ബാബു വിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു: സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങി      

> **Lead Summary:** പാലക്കാട്∙ ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു വിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായും എന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഇന്ന് അറിയാൻ കഴിയുമെന്നും ഉമ്മ റഷീദ പറഞ്ഞു.

## Article Content

പാലക്കാട്∙ ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു വിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായും എന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഇന്ന് അറിയാൻ കഴിയുമെന്നും ഉമ്മ റഷീദ പറഞ്ഞു.

ബാബുവിന് ആന്തരികക്ഷതമോ ചതവോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് രക്ഷപ്പെടുത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ബുധനാഴ്ച വൈകിട്ട് ബാബുവുമായി ജില്ലാ മെഡിക്കൽ ഓഫിസർ സംസാരിച്ച് ആരോഗ്യനില തൃപ്തികരമെന്നു രേഖപ്പെടുത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാൽ വഴുതി വീഴുകയായിരുന്നു.

പൊലീസ്, അഗ്നിരക്ഷാസേന, വനം–റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബെംഗളൂരു, ഊട്ടി വെല്ലിങ്ടൻ എന്നിവിടങ്ങളിൽനിന്നു കരസേനയുടെ 2 സംഘങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25547/Babu's-health-improved)