---
title: "പറഞ്ഞു തീരാതെയും, പാടി തീരാതെയും ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം"
english_title: "Gireeshputhancheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25555/gireeshputhancheri"
published_at: "2022-02-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204bf38956da_gireesh-puthenchery-new.jpg.image.845.440.jpg"
keywords: []
---

# പറഞ്ഞു തീരാതെയും, പാടി തീരാതെയും ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം

> **Lead Summary:** മലയാള സിനിമയിലെ പ്രണയ കാവ്യങ്ങള്‍ക്ക് പകരം വെക്കാനാകാത്ത അമരക്കാരന്‍, ഗിരീഷ് പുത്തഞ്ചേരി. മലയാളികളുടെ മനസ്സില്‍ പ്രണയവും വിരഹവും സ്നേഹവും വാത്സല്യവുമൊക്കെ ഹൃദയോത്തോടടുപ്പിക്കാന്‍ പുത്തഞ്ചേരിയുടെ മാന്ത്രിക വിരലുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

## Article Content

മലയാള സിനിമയിലെ പ്രണയ കാവ്യങ്ങള്‍ക്ക് പകരം വെക്കാനാകാത്ത അമരക്കാരന്‍, ഗിരീഷ് പുത്തഞ്ചേരി. മലയാളികളുടെ മനസ്സില്‍ പ്രണയവും വിരഹവും സ്നേഹവും വാത്സല്യവുമൊക്കെ ഹൃദയോത്തോടടുപ്പിക്കാന്‍ പുത്തഞ്ചേരിയുടെ മാന്ത്രിക വിരലുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

പറഞ്ഞു തീരാതെയും, പാടി തീരാതെയും ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികയുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജീവന്‍ കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഉള്ളില്‍ തന്നെ മൊട്ടിട്ട പ്രണയവും വിരഹവുമൊക്കെയാണ്. 'ശാന്തമീ രാത്രിയില്‍...' എന്ന സൈപ്പര്‍ഹിറ്റ്‌ ഗാനം മുതല്‍ 'സൂര്യ കിരീടം വീണുടഞ്ഞു.., 'ആരോ വിരല്‍മീട്ടി..', 'ആകാശദീപങ്ങള്‍ സാക്ഷി..', 'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...','ഒരു രാത്രികൂടെ വിടവാങ്ങവേ..' എന്നിങ്ങനെ വൈകാരികമായ നിരവധി വരികള്‍ പുത്തഞ്ചേരിയുടെ മാസ്മരികതയാണ്. 1961 മേയ് 1 ന് കോഴിക്കോടു ജില്ലയിലെ പുത്തഞ്ചേരിയില്‍ ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതനായിരുന്ന പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും കര്‍ണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടേയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. 1989 ല്‍ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത 'എന്‍ക്വയറി' എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടക്കുന്നത്. ആദ്യ ഗാനങ്ങള്‍ക്ക് വലിയ ജനശ്രദ്ധ ഒന്നും നേടാന്‍ സാധിച്ചില്ല എങ്കിലും 1992ല്‍ ജയരാജ് സംവിധാനം ചെയ്ത 'ജോണിവാക്കറിലെ' 'ശാന്തമീ രാത്രിയില്‍..' എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു.

344 സിനിമകളിലായി 1600ലേറെ ഗാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. എഴുതുന്ന ഓരോ വാക്കുകളും പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങി നിന്ന്. ഏഴ് തവണ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. മേലേപ്പറമ്ബില്‍ ആണ്‍‌വീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍, അടിവാരം, ഓരോവിളിയും കാതോര്‍ത്ത്, കേരളാ ഹൗസ് ഉടന്‍ വില്‍പ്പനക്ക് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി കഥയും, വടക്കുംനാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് എന്നീച്ചിത്രങ്ങള്‍ക്ക് തിരക്കഥയും അദ്ദേഹം രചിച്ചു. 'രാമന്‍ പോലിസ് 'എന്നപേരില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും കാലം പുത്തഞ്ചേരിയുടെ യാത്രകള്‍ക്ക് അവസാനം കുറിച്ചു. 2010 ഫെബ്രുവരി 10-ന് മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം വിട പറയുന്നത്.

മലയാളികള്‍ക്കിടയില്‍ ഗിരീഷ് പുത്തഞ്ചേരി സമ്മാനിച്ച വരികള്‍ക്ക് മരണമില്ല. ഈണത്തിനനുസരിച്ച്‌ വരികളെഴുതുക എന്ന സമ്ബ്രതായത്തിന്റെ അതിരുകള്‍ക്കുള്ളിലും അദ്ദേഹം വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യഭംഗിയും വശ്യതയും ഉണ്ടാക്കിത്തീര്‍ത്തു. എഴുതിയ ഭൂരിഭാഗം ഗാനങ്ങളും ഹിറ്റായിരുന്നു എന്നതും ഒരു ഗാനരചയിതാവിന്റെ മികവിന് മാറ്റുകൂട്ടുന്നതാണ്. പുത്തഞ്ചേരിക്ക് ശേഷം പാട്ടെഴുതാന്‍ എത്രയെത്ര രചയിതാക്കള്‍ വന്നിട്ടും അദ്ദേഹത്തിന്റെ വരികളുടെ ശക്തിക്ക് പകരം വെക്കാന്‍ സാധിച്ചിട്ടില്ല. കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനമായി.. ഗിരീഷ് പുത്തഞ്ചേരി ഇന്നും ആസ്വാദകരുടെ മനസ്സുകളില്‍ ജീവിക്കുന്നു....

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25555/gireeshputhancheri)