---
title: "ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ  പുരോഗതിയെന്ന് ഡോക്ടർമാർ"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260113/kochi"
published_at: "2024-12-31T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67737ed4a0d4b_Screenshot_2024-12-31_104836.jpg"
keywords: []
---

# ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ  പുരോഗതിയെന്ന് ഡോക്ടർമാർ

> **Lead Summary:** **കൊച്ചി**: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉമ തോമസിന്‍റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തന്നെയാണ് ഇപ്പോഴും.

## Article Content

**കൊച്ചി**: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉമ തോമസിന്‍റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തന്നെയാണ് ഇപ്പോഴും.

മകൻ ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലെ പരിക്കിൽ ഉള്‍പ്പെടെ ആശാവഹമായ പുരോഗതിയുണ്ട്.

ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഇന്നലത്തെ എക്സറേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്‍റെ പരിക്ക് ഭേദമാക്കേണ്ടതുണ്ട്. ആന്‍റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്‍റി ബയോട്ടിക്കുകള്‍ നൽകുന്നുണ്ടെന്നും ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകൻ വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. ചോദ്യങ്ങളോട് പ്രതികരിച്ചു. കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും മകൻ വിഷ്ണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260113/kochi)