ഇരിട്ടി: മാക്കൂട്ടം - പെരുമ്പാടി ചുരം പാത ഘട്ടം ഘട്ടമായി പൂർണമായി നവീകരിക്കുമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു . വിരാജ്‌പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണയ്ക്കൊപ്പം കൂട്ടുപുഴയിൽ സന്ദർശനം നടത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ചുരം റോഡിൽനാലു കിലോമീറ്റർ ദൂരത്തിൽ പുതിയതായി അനുവദിച്ച നവീകരണ പ്രവൃത്തി ഉദ്ഘാടനം നടത്താൻ എത്തിയപ്പോഴാണ് കുട്ടുപുഴ, മാക്കൂട്ടം അതിർത്തി വരെ മന്ത്രിയും എംഎൽഎയും സന്ദർശിച്ചത്. അന്തർ സംസ്‌ഥാന പാതിയൽ മൂന്ന് വിഭാഗങ്ങളിൽ നിന്നായി അനുവദിച്ചു ഫണ്ട് ഉപയോഗിച്ച് 10 കിലോമീറ്ററോളം ഇപ്പോൾ നവീകരണം നടത്തുമെന്നും അവശേഷിച്ച ദൂരം അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി അറിയിച്ചു.
സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഫണ്ടിൽ നിന്നുള്ള 6 കോടി രൂപ ഉപയോഗിച്ചു കൊണന്നൂരു - മാക്കൂട്ടം സംസ്‌ഥാന പാതയിൽ 85.300 കിലോമീറ്റർ ദൂരം മുതൽ 89.300 ദൂരം വരെ ഡിബിഎം ആൻഡ് ബിസി റീടാറിങ് നടത്തുന്ന പ്രവൃത്തിയാണ് മേമനക്കൊല്ലിയിൽ മന്ത്രി സതീഷ് ജാർക്കിഹോളി ഉദ്ഘാടനം ചെയ്‌തത്.
എ.എസ്.പൊന്നണ്ണ എംഎൽഎ അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ മുത്തുരാജ്, മടിക്കേരി എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ചപ്പ, വീരാജ്‌പേട്ട മുൻസിപ്പൽ കൗൺസിലർമാരായ സി.കെ. പ്രതിനാഥ്, രഞ്ചി പൂണച്ച, രജനികാന്ത്, എം.കെ. ദേച്ചമ്മ, എസ്.എച്ച്. മദീൻ, ഡിസിസി പ്രസിഡൻ്റ് ധർമജ ഉത്തപ്പ, ഉപേന്ദ്ര, കോൺഗ്രസ് മുൻ ഇരിട്ടി ബ്ലോക്ക് പ്രസിഡൻ്റ് തോമസ് വർഗീസ്, വയത്തൂർ കാലിയാർ ക്ഷേത്രം ഭാരവാഹി ബി. ദിവാകരൻ എന്നിവർ പങ്കെടുത്തു.
iritty