കൊച്ചി: നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തരംമാറ്റിയ ഭൂമിയിൽ നിർമിക്കുന്ന കെട്ടിട ത്തിൻ്റെ തറ വിസ്തീർണം 3000 ചതുരശ്രയടിയിൽ കൂടുതലാണെങ്കിൽ അധികമുള്ള ഓരോ ചതുരശ്രയടിക്കും 100 രൂപ വീതം ഫീസ് ചുമത്തുന്ന വ്യവസ്‌ഥ ഹൈക്കോടതി റദ്ദാക്കി. 2008 ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമത്തിനു വിരുദ്ധമാണിതെന്നു വിലയിരുത്തിയാണു ജസ്‌റ്റിസ് സി .പി. മുഹമ്മദ് നിയാസിൻ്റെ നടപടി. ഇത്തരത്തിൽ വാങ്ങിയ ഫീസ് 4 മാസത്തിനുള്ളിൽ മടക്കി നൽകാനും കോടതി നിർദേശിച്ചു. ഫീസ് ഈടാക്കുന്നതിനെതിരെയുള്ള ഹർജികളാണു പരിഗണിച്ചത്. ഹർജിക്കാരോട് ഫീസ് ആവശ്യപ്പെടരുതെന്നും ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷകൾ ആറാഴ്ച്‌ചയ്ക്കു ള്ളിൽ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
2008 ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിൽ കുറിപ്പ് എന്ന നിലയിലാ ണ് 2018 ൽ ഈ വ്യവസ്‌ഥ അനുബന്ധമായി സർക്കാർ ചേർത്തത്. എന്നാൽ, ഇത്തരമൊരു ഭേദഗതിക്കു 2008 ലെ നിയമം അനുമതി നൽകുന്നില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഭൂമി ക്രമപ്പെടുത്തുന്നതു സംബന്ധിച്ചാണ് നിയമപ്രകാരം ഫീസ് വ്യവസ്‌ഥ ചെയ്തിരിക്കുന്നതെന്നും നിർമിതിയോ അതിന്റെ വലുപ്പമോ ബന്ധപ്പെട്ടല്ലെന്നും ഹർജിക്കാർ വാദിച്ചു.
ചട്ടത്തിൽ ചേർത്ത കുറിപ്പ് മാതൃനിയമത്തിനും അപ്പുറത്തേക്കു കടന്നെന്നു കോടതി പറഞ്ഞു. നികത്തുഭൂമിയിൽ വൻ തോതിലുള്ള കെട്ടിടനിർമാണം നിയന്ത്രിക്കാനാണു നടപടിയെന്നും ഇതിലൂടെ ലഭിക്കുന്ന തുക നെൽകർഷകർക്കുള്ള ആശ്വാസ നിധിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള സർക്കാർ വാദവും കോടതി സ്വീകരിച്ചില്ല.
highcourt