കോട്ടയം: കാലാവധി കഴിഞ്ഞതിനാൽ നിരത്തിൽനിന്ന് പിൻവലിക്കേണ്ട 2100 സർക്കാർ വാഹനം ഇപ്പോഴും സർവ്വീസിൽ. ആരോഗ്യ, പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പുകളിലാണ് കണ്ടം ചെയ്യാറായ വാഹനങ്ങൾ ഏറെയും. കേന്ദ്രസർക്കാറിനുകീഴിലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കഴിഞ്ഞവർഷത്തെ ഉത്തരവുപ്രകാരം 15 വർഷം പൂർത്തിയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാകും.
അത്തരം വാഹനങ്ങൾ നിരത്തിലിറക്കാനാകില്ലെന്നുമാണ് വ്യവസ്ഥ. ഇതേതുടർന്നുള്ള പരിശോധനയിലാണ് സർക്കാർ വകുപ്പുകൾക്കുകീഴിൽ 15 വർഷം കഴിഞ്ഞ 2100ലധികം വാഹനമുണ്ടെന്ന് കണ്ടെത്തിയത്. വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാൻ വിജ്ഞാപനത്തിൽ ഇളവുതേടി സംസ്ഥാനം കേന്ദ്രസർക്കാറിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. പഴയ വാഹനങ്ങൾ ഒഴിവാക്കാൻ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്) വഴി മാത്രമേ സാധിക്കൂ. ഇത് സംസ്ഥാനത്ത് സജ്ജമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
മനുഷ്യജീവൻ കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പിലാണ് കാലഹരണപ്പെട്ട വാഹനങ്ങൾ ഏറെയും. ഇത്തരം 507 വാഹനമാണ് വകുപ്പിനുള്ളത്. ആളുകളെ വഴിയിൽ തടഞ്ഞ് പരിശോധിക്കുന്ന പൊലീസ് സേനയിലെ 116, മോട്ടോർ വാഹനവകുപ്പിലെ 59 വീതം വാഹനം പൊളിക്കാറായവയാണ്. ഫയർഫോഴ്സിന്റെ 45, വനം-വന്യജീവി വകുപ്പിന്റെ 78, ഭൂഗർഭവകുപ്പിന്റെ 52 വാഹനവും ഇതിൽപെടും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ 23, ജലസേചന വകുപ്പിന്റെ 66, റവന്യൂവിന്റെ 102, നികുതി വകുപ്പിന്റെ 81, ടൂറിസത്തിന്റെ 58, വിജിലൻസിന്റെ 45, ലീഗൽ മെട്രോളജിയുടെ 12, വനിത-ശിശു വികസന വകുപ്പിന്റെ 68, കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ 17 എന്നിങ്ങനെയാണ് മറ്റ് വാഹനങ്ങളുടെ കണക്ക്.
kottayam