പേരാവൂർ: ഇന്ത്യൻ സമ്പദ്ഘടനയുടെ കുതിപ്പിന് അടിസ്ഥാനശില പാകിയ സാമ്പത്തിക വിദഗ്ധനായിരുന്നു മുൻ പ്രധാനമന്ത്രി ഡോ:മൻമോഹൻ സിങ്. ഡോക്ടർ സിങിന്റെ സാമ്പത്തിക നയങ്ങളും ദീർഘവീക്ഷണവും ഒന്നു മാത്രമായിരുന്നു മൂന്നാം ലോക സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തിയെടുത്തതിന്റെ പിന്നിലെ പ്രേരകശക്തിയെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ. പറഞ്ഞു.
പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ ഡോ:മൻമോഹൻ സിങ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്ന സി പി ജലാലിന്റെ ഒന്നാം ചരമ വാർഷിക ദിനവും അനുസ്മരണവും ഇതോടൊപ്പം സംഘടിപ്പിച്ചു .
മലയോരമേഖലയിൽ അനുദിനം വർദ്ധിച്ചുവരുന്ന വന്യജീവി അക്രമണങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തുകയും, കൃഷിയിടത്തിൽ കടന്ന് നാശനഷ്ടം വരുത്തുന്ന വന്യജീവികളെ പിടികൂടാതെ കൃഷിക്കാരുടെ പേരിൽ അന്യായമായി കേസെടുക്കുന്ന വനപാലകരുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു . കർഷകർക്കെതിരെ മേലിൽ അന്യായമായി കേസെടുത്താൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടു വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജയിംസ്, പി സി രാമകൃഷ്ണൻ, പി അബൂബക്കർ,വർഗീസ്സ് ജോസഫ് നടപ്പുറം, സുഭാഷ് മാസ്റ്റർ, ജോയ് വേളുപുഴ, കെ എം ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Peravoor