---
title: "ബോഡി ഷെയ്മിം​ഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്ന് ഹൈക്കോടതി; ബോബിചെമ്മണ്ണൂരിന് രൂക്ഷ വിമർശനം"
english_title: "Bobychemmannurcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263367/bobychemmannurcase"
published_at: "2025-01-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67864820059c9_1000048685.jpg"
keywords: []
---

# ബോഡി ഷെയ്മിം​ഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്ന് ഹൈക്കോടതി; ബോബിചെമ്മണ്ണൂരിന് രൂക്ഷ വിമർശനം

> **Lead Summary:** കൊച്ചി: സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.

## Article Content

കൊച്ചി: സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.

ബോഡി ഷെയ്മിം​ഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വ്യക്തമാക്കി. ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263367/bobychemmannurcase)