കൽപറ്റ: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. 32 പേരുടെ പേര് വിവരങ്ങളാണ് പുറത്ത് വിട്ടത്. 14 ദിവസം മാത്രം പ്രായമുള്ള കുട്ടി മുതൽ 80 വയസുള്ള പാത്തുമ്മ വരെ അടങ്ങുന്നതാണ് കാണാതായവരുടെ പട്ടിക.
12 വയസ്സ് മുതൽ താഴോട്ടുള്ള എട്ടു കുട്ടികളെയാണ് കാണാതായത്. ഇതിൽ 5 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ്. 13 പുരുഷൻമാരെയും 11 സ്ത്രീകളെയും കാണാതായി. ഒഡിഷ സ്വദേശിയായ ഡോക്ടർ സ്വധീൻ പാണ്ടെ ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനക്കാരുണ്ട്. രണ്ടു പേർ ബിഹാർ സ്വദേശികളാണ്. രണ്ടു പേർ മേപ്പാടി തൃക്കൈപ്പറ്റ സ്വദേശികളാണ്. ബാക്കിയുള്ളവർ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ സ്വദേശികളാണ്. കാണാതായവരിൽ ഏറ്റവും പ്രായം കൂടിയ പാത്തുമ്മയ്ക്ക് 80 വയസ്സുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ആറു മാസം തികയാൻ എട്ടു ദിവസം മാത്രം ശേഷിക്കെയാണ് കാണാതായവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്.
Wayanad Tragedy: Names Of Missing Persons Released