---
title: "പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രക്ക് കണ്ണൂരിൽ തുടക്കമായി"
english_title: "Malayora pracharana yathra started from kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265939/malayora-pracharana-yathra-started-from-kannur"
published_at: "2025-01-26T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795e45bcd344_vd.jpg"
keywords: []
---

# പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രക്ക് കണ്ണൂരിൽ തുടക്കമായി

> **Lead Summary:** കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രക്ക് കണ്ണൂരിൽ തുടക്കമായി. കരുവഞ്ചാലിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മലയോരമേഖല ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിലൂടെയാണ് സമര യാത്ര.

## Article Content

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രക്ക് കണ്ണൂരിൽ തുടക്കമായി. കരുവഞ്ചാലിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മലയോരമേഖല ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിലൂടെയാണ് സമര യാത്ര.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു ഡി എഫ് സംസ്ഥാന കമ്മിറ്റി മലയോര സമര യാത്ര നടത്തുന്നത്.

ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല വന്യജീവി സംരക്ഷണ നിയമമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.മലയോര ജനതയുടെ അന്തകനായി പിണറായി വിജയൻ സർക്കാർ മാറിയെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.യു ഡി എഫ് അധികാരത്തിൽ വന്നാൽ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും യാത്രയിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.അതേ സമയം വന്യജീവി ശല്യം സർക്കാരിനെതിരെ പ്രധാന മുദ്രാവാക്യമാക്കി നടത്തുന്ന യാത്രയിൽ താൻ വനം മന്ത്രി ആയിരുന്ന കാലത്തെ ദുരന്തമാണ് ആന ശല്യത്തിൽ ഈ സർക്കാരും അനുഭവിക്കുന്നതെന്നായിരുന്നു  കെ സുധാകരന്റെ പരാമർശം. ആനകളെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും അന്ന് സ്വീകരിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നും സുധാകരൻ പറഞ്ഞു

27 ന് ആറളത്ത് നിന്ന് പുനരാരംഭിക്കുന്ന യാത്ര വയനാട് ജില്ലയിൽ പ്രവേശിക്കും. തിരുവനന്തപുരം അമ്പൂരിയിലാണ് സമാപനം. കടുവ ആക്രമണവും തുടർന്നുള്ള പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു ഡി എഫ് നീക്കം. ഉദ്ഘാടന പരിപാടിയിൽ ഘടക കക്ഷി നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, സി പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265939/malayora-pracharana-yathra-started-from-kannur)