---
title: "'ടീച്ചര്‍': വിവേക് ചിത്രത്തില്‍ നായികയായി അമലാ പോള്‍"
english_title: "Amala Paul"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26697/amala-paul"
published_at: "2022-02-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cabb5628a1_Screenshot_20220216_125156.jpg"
keywords: []
---

# 'ടീച്ചര്‍': വിവേക് ചിത്രത്തില്‍ നായികയായി അമലാ പോള്‍

> **Lead Summary:** നടി അമലാ പോള്‍ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍. അമലാ പോള്‍ നായികയാകുന്ന ചിത്രം 'ടീച്ചറു'ടെ ഷൂട്ടിംഗിന് തുടക്കമായി. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായി അമലാ പോള്‍ അഭിനയിക്കുന്ന ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.

## Article Content

നടി അമലാ പോള്‍ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍. അമലാ പോള്‍ നായികയാകുന്ന ചിത്രം 'ടീച്ചറു'ടെ ഷൂട്ടിംഗിന് തുടക്കമായി. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായി അമലാ പോള്‍ അഭിനയിക്കുന്ന ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.

അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അമലാ പോള്‍ ചിത്രം 'ടീച്ചറു'ടെ കഥ സംവിധായകൻ വിവേകിന്റേതാണ്. ഫഹദിന്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ 'അതിരനി'ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്.

പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്. 'കന്യകാ ടാക്കീസ്' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ പി വി ഷാജികുമാര്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ 'ടേക്ക് ഓഫിടന്റെ രചനയിലും പങ്കാളിയായിയിരുന്നു. മമ്മൂട്ടി നായകനായ ചിത്രം പുത്തൻ പടത്തിന് സംഭാഷണമെഴുതിയത് പി വി ഷാജി കുമാറുമാണ്. 'കാമറൂണ്‍' എന്ന ചിത്രവും പി വി ഷാജികുമാറിന്റെ തിരക്കഥയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അജിത്ത് പുല്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രസംയോജനം നിര്‍വഹിക്കുന്നു.അമലാ പോളിന്റേതായി ഒരു മലയാള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 2017ലാണ്. 'അച്ചായൻസ്' എന്ന ചിത്രത്തിലാണ് അമലാ പോള്‍ നായികയായത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ആടുജീവിത'ത്തില്‍ അമലാ പോള്‍ പ്രധാന കഥാപാത്രമായുണ്ട്. അടുത്തിടെ അമലാ പോളിന്റെ ഒരു വെബ്‍ സീരിസ് സ്‍ട്രീം ചെയ്‍തിരുന്നു.  'രഞ്‍ജിഷ് ഹി സഹി'  എന്ന വെബ്‍ സീരീസ് ഹിന്ദിയിലായിരുന്നു എത്തിയത്.

എഴുപതുകളിലെ ബോളിവുഡ് പശ്ചാത്തലമായിട്ടാണ് സീരിസിന്റെ കഥ പറയുന്നത്. പുഷ്‍പദീപ് ഭരദ്വാദാണ് സീരീസിന്റെ സംവിധാനം.അമലാ പോള്‍ നായികയാകുന്ന ചിത്രം 'കാടവെര്‍' ഇനി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അനൂപ് പണിക്കറാണ് ചിത്രത്തിന്റെ സംവിധായകൻ. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.'അതോ അന്ത പറവൈ പോല' എന്ന ചിത്രവും അമലാ പോളിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുണ്ട്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.

അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26697/amala-paul)