---
title: "വിനോദസഞ്ചാരപദ്ധതിയിലേക്ക് മയ്യഴിപ്പുഴയിലൂടെ ഒരു സഞ്ചാരം"
english_title: "A journey through the Mayyazhipuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26714/A-journey-through-the-Mayyazhipuzha"
published_at: "2022-02-16T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ccb5fb1d0a_Picsart_22-02-16_15-19-01-772.jpg"
keywords: []
---

# വിനോദസഞ്ചാരപദ്ധതിയിലേക്ക് മയ്യഴിപ്പുഴയിലൂടെ ഒരു സഞ്ചാരം

> **Lead Summary:** വിനോദസഞ്ചാരപദ്ധതിയിലേക്ക് മയ്യഴിപ്പുഴയിലൂടെ ഒരു സഞ്ചാരം വിനോദസഞ്ചാര ഭൂപടത്തിൽ മയ്യഴിപ്പുഴയെ അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിലൂടെ ബോട്ട്‌യാത്ര സംഘടിപ്പിച്ചു. എ.എൻ.ഷംസീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ തലശ്ശേരി സബ് കളക്ടർ അനുകുമാരി ഉൾപ്പെടെയുള്ള സംഘമാണ് മോന്താൽ കക്കടവിലെ ട്രെയിൻ കഫേ മുതൽ കിടഞ്ഞിയിലെ ദ്വീപായ നടുതുരുത്തി വരെ യാത്ര നടത്തിയത്.

## Article Content

വിനോദസഞ്ചാരപദ്ധതിയിലേക്ക് മയ്യഴിപ്പുഴയിലൂടെ ഒരു സഞ്ചാരം വിനോദസഞ്ചാര ഭൂപടത്തിൽ മയ്യഴിപ്പുഴയെ അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിലൂടെ ബോട്ട്‌യാത്ര സംഘടിപ്പിച്ചു. എ.എൻ.ഷംസീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ തലശ്ശേരി സബ് കളക്ടർ അനുകുമാരി ഉൾപ്പെടെയുള്ള സംഘമാണ് മോന്താൽ കക്കടവിലെ ട്രെയിൻ കഫേ മുതൽ കിടഞ്ഞിയിലെ ദ്വീപായ നടുതുരുത്തി വരെ യാത്ര നടത്തിയത്.

നടുത്തുരുത്തിയിലിറങ്ങിയ സംഘം ടൂറിസം സാധ്യത വിലയിരുത്തി. മയ്യഴിപ്പുഴയുടെ മധ്യത്തിൽ പാനൂർ നഗരസഭയിലെ കിടഞ്ഞിയുടെയും എടച്ചേരി പഞ്ചായത്തിലെ കച്ചേരിയുടെയും കണ്ണെത്തും ദൂരത്ത് ഏറാമല പഞ്ചായത്തിന്റെ ഭാഗമായി വരുന്ന നാലേക്കറോളം വരുന്ന ഈ പച്ചത്തുരുത്തിന് പ്രത്യേകതകൾ ഏറെയാണ്.

ദേശാടനപക്ഷികൾ ചേക്കേറുന്ന ഇവിടം നിരവധി ഔഷധസസ്യങ്ങൾ കൊണ്ടും ജീവജാലങ്ങളാലും സമൃദ്ധമാണ്. തുരുത്തിന്റെ ഓരം ചേർന്ന് കയറ്റുമതി സാധ്യതയുള്ള പച്ചഞണ്ടുകളും രുചികരമായ കരിമീനും ചെമ്പല്ലിയുമുൾപ്പെടെ പുഴമത്സ്യങ്ങളുമുണ്ട്. കണ്ടൽച്ചെടികളെ സംരക്ഷിച്ചുകൊണ്ട് മണ്ണിടിച്ചിൽ തടയാൻ ചുറ്റും ഭിത്തി സ്ഥാപിച്ച് തനിമ നഷ്ടപ്പെടാതെ തുരുത്തിനെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

പശ്ചിമഘട്ട മലനിരകളുടെ ദൂരക്കാഴ്ച ദൃശ്യമാവുന്ന ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്. മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി വരുന്ന കിടഞ്ഞി, പെരിങ്ങത്തൂർ ബോട്ടുജെട്ടിയും പാനൂർ നഗരസഭയെയും എടച്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിർമാണവും പൂർത്തിയാകുന്നതോടെ ഈ മേഖലയുടെ മുഖഛായതന്നെ മാറും.

മയ്യഴിപ്പുഴ ടൂറിസം പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ സാധ്യതകൾ വർധിക്കും. കനകമല-പെരിങ്ങത്തൂർ പള്ളി-കിടഞ്ഞി-മോന്താൽ ടൂറിസം ശൃംഖലയ്ക്കായി കെ.പി.മോഹനൻ എം.എൽ.എ. ബജറ്റിലേക്ക് പുതിയ നിർദേശവും നൽകിയിട്ടുണ്ട്. അസി. കളക്ടർമാരായ ആഷിഖ് മുഹമ്മദ്, സെഹിൻ യാദവ്, സൂഫിയാൻ അഹമ്മദ്, സന്ദീപ് കുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ.ജിജേഷ്‌കുമാർ, ചൊക്ലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ വി.കെ.രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26714/A-journey-through-the-Mayyazhipuzha)