കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരത്തെ ചെകുത്താൻതോട് ഭാഗത്തെ ബാവലി പുഴയിൽ അറവ് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ അടപ്പിക്കുകയും ഒഴുകിപോകാതെ അവശേഷിച്ച മാലിന്യം എടുത്തുമാറ്റിപ്പിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് സ്ഥാപിച്ച സി സി ടി വിയിലാണ് തിങ്കളാഴ്ച മാലിന്യം തള്ളുന്നത് പതിഞ്ഞത്. ദൃശ്യം പരിശോധിച്ചതിൽ KL 73 D 1878 നമ്പർ വാഹനത്തിലാണ് അറവ് മാലിന്യം എത്തിച്ചു തള്ളിയത് എന്ന് കണ്ടെത്തി.
വാഹന ഉടമയെ കണ്ടെത്തി മാലിന്യം തള്ളിയ മാനന്തവാടി സ്വദേശി ജംഷീറിനെ ചൊവ്വാഴ്ച പഞ്ചായത്തിൽ വിളിച്ചു വരുത്തി പിഴ ഈടാക്കി. പഞ്ചായത്ത് രാജ് 219 എസ് നിയമ പ്രകാരം 30000 രൂപയാണ് പിഴ ഈടാക്കിയത്. കൊണ്ടിട്ടതിൽ പുഴയിൽ ഒഴുകിപോകാത്ത മാലിന്യം തിരിച്ചു എടുപ്പിക്കുകയും കട്ടപിടിച്ച മൃഗരക്ത അവശിഷ്ടങ്ങൾ നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ ഒന്നര ലക്ഷം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ് ആയ പുഴയിൽ ലിറ്റർ കണക്കിന് മൃഗരക്തവും, അറവ് മാലിന്യവും ഇത്തരത്തിൽ തള്ളിയിട്ടും കൃത്യമായ തെളിവും കൊണ്ടിട്ട വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടും വാഹനം പിടിച്ചെടുക്കാനോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനോ തയ്യാറാകാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത ആക്ഷേപമുണ്ട്.
Kottiyoor