---
title: "ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്"
english_title: "Attukal pongala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26810/attukal-pongala"
published_at: "2022-02-17T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620db23695485_n3599989861645064716896af4c3abd0ce92fe2d13ca56868ec0d3d1a61bab124da3571ba24affe455d3390.jpg"
keywords: []
---

# ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്

> **Lead Summary:** തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും.ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം.

## Article Content

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും.ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്.

ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ഇല്ലെങ്കിലും നിരത്തുകളില്‍ വിറകും കൊതുമ്ബും ചുടുകട്ടയും മണ്‍കലങ്ങളും വഴിയരികില്‍ വില്‍പ്പനക്കെത്തിയിരുന്നു. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.

ഇക്കുറി ദേവീദാസന്മാരായ ബാലന്‍മാര്‍ക്കായി കുത്തിയോട്ടം ഉണ്ടാകില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് പണ്ടാര ഓട്ടം മാത്രമായി പരിമിതപെടുത്തി. ദേവി പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയും ഉണ്ടായിരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26810/attukal-pongala)