---
title: "ബൃഹത്തായ ക്യാൻസർ പ്രതിരോധ-ബോധവത്ക്കരണ -പരിശോധനാ പ്രവർത്തനങ്ങൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു"
english_title: "Cancer prevention-awareness-testing activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268219/cancer-prevention-awareness-testing-activities"
published_at: "2025-02-05T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a36019b5a7f_cancer.jpg"
keywords: []
---

# ബൃഹത്തായ ക്യാൻസർ പ്രതിരോധ-ബോധവത്ക്കരണ -പരിശോധനാ പ്രവർത്തനങ്ങൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു

> **Lead Summary:** > പരിയാരം : "ആരോഗ്യം, ആനന്ദം -അകറ്റാം അർബുദം" സന്ദേശമുയർത്തിയുള്ള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കാൻസർ പ്രതിരോധ-പരിശോധനാ-ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലും തുടക്കമായി. ഇതിനായി പ്രത്യേക സൗകര്യം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തായി ഒരുക്കി. ക്യാൻസർ പ്രതിരോധ ദിനമായ ഫെബ്രുവരി 4 മുതൽ ലോക വനിതാദിനമായ മാർച്ച് 8 വരെയാണ് അർബുദത്തിനെതിരായ ബോധവത്ക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ എഫ്.എച്ച്.സി മുതൽ മെഡിക്കൽ കോളേജുകളിൽ വരെയായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിയാരത്തും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി ആരംഭിച്ചത്. കൃത്യമായ ദൈനംദിന മോണിറ്ററിംഗ് പ്രവർത്തനങ്ങൾ സ്ഥാപനതലത്തിലും സംസ്ഥാനതലത്തിലും നടന്നുവരുന്നു.

## Article Content

> പരിയാരം : "ആരോഗ്യം, ആനന്ദം -അകറ്റാം അർബുദം" സന്ദേശമുയർത്തിയുള്ള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കാൻസർ പ്രതിരോധ-പരിശോധനാ-ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലും തുടക്കമായി. ഇതിനായി പ്രത്യേക സൗകര്യം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തായി ഒരുക്കി. ക്യാൻസർ പ്രതിരോധ ദിനമായ ഫെബ്രുവരി 4 മുതൽ ലോക വനിതാദിനമായ മാർച്ച് 8 വരെയാണ് അർബുദത്തിനെതിരായ ബോധവത്ക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ എഫ്.എച്ച്.സി മുതൽ മെഡിക്കൽ കോളേജുകളിൽ വരെയായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിയാരത്തും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി ആരംഭിച്ചത്. കൃത്യമായ ദൈനംദിന മോണിറ്ററിംഗ് പ്രവർത്തനങ്ങൾ സ്ഥാപനതലത്തിലും സംസ്ഥാനതലത്തിലും നടന്നുവരുന്നു.

സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളെയും സന്നദ്ധ, സ്വകാര്യ സംഘടനകളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ മഹത് യത്നത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി അനാവശ്യ രോഗഭീതി ഒഴിവാക്കുകയും, രോഗം ഉള്ളവരിൽ അത് തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയുമാണ് പ്രവർത്തനം ലക്‌ഷ്യം വയ്ക്കുന്നത്. അസുഖസാധ്യത മുൻകൂട്ടിയറിഞ്ഞ് ആരോഗ്യത്തോടെ ആനന്ദപൂർവം ജീവിക്കുന്നതിനായി ഭീതികൂടാതെ 30 വയസ്സ് കഴിഞ്ഞ ഓരോ വനിതകളും പരിശോധനയുടെ ഭാഗമാവണമെന്ന്, സ്വയം പരിശോധനയ്ക്ക് വിധേയയായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് അഭ്യർത്ഥിച്ചു. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗം മേധാവിമാരായ വനിതാ ഡോക്ടർമാർ ഉൾപ്പടെ നിരവധി വനിതാ ജീവനക്കാർ ബുധനാഴ്ച പരിശോധനയ്ക്ക് വിധേയരായി.

അനാവശ്യരോഗഭീതി ഒഴിവാക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുകയും അതിലൂടെ കാൻസർ മൂലമുള്ള മരണനിരക്ക് കുറക്കുകയുമാണ് പരിപാടിയുടെ ആത്യന്തിക ലക്‌ഷ്യമെന്ന് സർക്കാർതന്നെ വ്യക്തമാക്കിയയതാണ്. ഇതിന്റെ ഭാഗമായുള്ള പൊതുഅവബോധം സൃഷ്ടിക്കുന്ന പോസ്റ്റർ, പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലുള്ള വനിതാ ജീവനക്കാർചേർന്ന് മെഡിക്കൽ കോളേജിൽ പ്രദർശിപ്പിച്ചു.

മാർച്ച് 8 വരെ പൊതുജനങ്ങൾക്കുൾപ്പടെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രത്യേകമായി ഒരുക്കിയ ചികിത്സാ സംവിധാനത്തിന് കീഴിലെത്തി പരിശോധന നടത്താവുന്നതാണെന്ന് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പും ആശുപത്രി സൂപ്രണ്ട് ഡോ സുദീപും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268219/cancer-prevention-awareness-testing-activities)