---
title: "ദേവീകടാക്ഷം വീട്ടുമുറ്റത്ത്; ആറ്റുകാൽ പൊങ്കാലയുടെ നിറവിൽ നാടും നഗരവും"
english_title: "Attukal Pongala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26878/Attukal-Pongala"
published_at: "2022-02-17T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e0018e2167_Picsart_22-02-17_13-27-06-608.jpg"
keywords: []
---

# ദേവീകടാക്ഷം വീട്ടുമുറ്റത്ത്; ആറ്റുകാൽ പൊങ്കാലയുടെ നിറവിൽ നാടും നഗരവും

> **Lead Summary:**  തിരുവനന്തപുരം: അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രാങ്കണത്തിൽ ഉത്സവത്തിന്റെ ആദ്യദിവസം ആരംഭിച്ച തോറ്റംപാട്ടിൽ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീർന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്.

## Article Content

 തിരുവനന്തപുരം: അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രാങ്കണത്തിൽ ഉത്സവത്തിന്റെ ആദ്യദിവസം ആരംഭിച്ച തോറ്റംപാട്ടിൽ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീർന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്.

ദേവിയുടെ വിജയം ഭക്തർ പൊങ്കാലയർപ്പിച്ച് ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. തോറ്റംപാട്ട് അവസാനിച്ചപ്പോൾ തന്ത്രി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തിക്കു നല്‍കി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി.

അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകർന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി. ഇതോടെ ആയിരക്കണക്കിനു വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു. വീട്ടുമുറ്റങ്ങളിൽ ഭക്തിമന്ത്രങ്ങളോടെ ആയിരക്കണക്കിന് വിശ്വാസികളാണ് ആറ്റുകാലമ്മയ്ക്കു നൈവേദ്യമർപ്പിക്കുന്നത്.

ഉച്ചയ്ക്ക് 1.20 നാണ് നൈവേദ്യം. വീട്ടുമുറ്റങ്ങൾ ചാണകം തളിച്ചു ശുദ്ധമാക്കി, അടുപ്പു കൂട്ടാനുള്ള തയാറെടുപ്പുകൾ നടത്തി, പൊങ്കാല സമർപ്പണ ഒരുക്കങ്ങളുമായി ബുധനാഴ്ച മുതൽ തന്നെ ഭക്തർ കാത്തിരിപ്പിലായിരുന്നു.

അമ്മയെ മനസ്സിൽ ധ്യാനിച്ചു സ്വന്തം വീട്ടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിച്ചുതുടങ്ങിയതോടെ നാടാകെ ആറ്റുകാലായി മാറുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത്. കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ തുടർച്ചയായി രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നത്.

പ്രാദേശിക തലങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ചും റസിഡന്റ്സ് അസോസിയേഷൻ, ഫ്ലാറ്റ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും പൊങ്കാലയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തർ വീടുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിടുന്നത്. 1,500 ഭക്തർക്കു ക്ഷേത്ര വളപ്പിൽ

പൊങ്കാലയിടാൻ സർക്കാർ അനുവാദം നൽകിയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് അതും ഒഴിവാക്കാനായിരുന്നു ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ആയിരത്തോളം ബാലന്മാർ പങ്കെടുത്തിരുന്ന കുത്തിയോട്ടം പൂർണമായും ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലെ പണ്ടാരഓട്ടം മാത്രമായാണ് ഇക്കുറിയും കുത്തിയോട്ടം.

പൊങ്കാലയ്ക്കു ശേഷം ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളത്തിൽ താലപ്പൊലിയും വാദ്യമേളങ്ങളുമെല്ലാം ഉണ്ടാവുമെങ്കിലും പുഷ്പവൃഷ്ടിയും നിറപറയെടുക്കലും ഒഴിവാക്കി. കേരളത്തിൽ കോവിഡ് വ്യാപനം ആരംഭിച്ച 2020ൽ ആറ്റുകാൽ പൊങ്കാല പതിവ് പോലെ തന്നെ നഗരം നിറഞ്ഞ് നടത്തിയിരുന്നു.

വിദേശികൾ പങ്കെടുക്കുന്നതിൽ മാത്രമായിരുന്നു അന്ന് വിലക്ക്. പക്ഷേ കഴിഞ്ഞ വർഷവും ഈ വർഷവും കോവിഡ് തീവ്ര വ്യാപന സാഹചര്യത്തിലാണ് സാധാരണഗതിയിൽ ഭക്ത ലക്ഷങ്ങൾ പങ്കെടുത്തിരുന്ന പൊങ്കാല റോഡുകളിലും പൊതു ഇടങ്ങളിലും ഒഴിവാക്കി വീടുകളിൽ നടത്താൻ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26878/Attukal-Pongala)