---
title: "വിവാദ പരാമർശം:  കലാമണ്ഡലം സത്യഭാമ ക്കെതിരെ കുറ്റപത്രം തയ്യാർ "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270393/thiruvanaththapuram"
published_at: "2025-02-15T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0317338dfa_Screenshot_2025-02-15_112813.jpg"
keywords: []
---

# വിവാദ പരാമർശം:  കലാമണ്ഡലം സത്യഭാമ ക്കെതിരെ കുറ്റപത്രം തയ്യാർ 

> **Lead Summary:** **തിരുവനന്തപുരം**: കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണു സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

## Article Content

**തിരുവനന്തപുരം**: കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണു സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

രാമകൃഷ്ണനെ അല്ലെ താൻ ഉദ്ദേശിച്ചതെന്ന സത്യഭാമയുടെ വാദം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു പൊലീസിനു മുന്നിലെ വെല്ലുവിളി. ചാലക്കുടിക്കാരൻ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എംഎ ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു.

കൂടാതെ സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരൻ എന്നായിരുന്നു അടുത്ത പരാമർശം. അമ്മയുമായി കലഹിച്ചതു രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍‍ഥ് ഭരതൻ മൊഴി നല്‍കി. രാമകൃഷ്ണനോടു സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വ്യക്തി വിരോധത്തെ കുറിച്ചു സത്യഭാമയുടെ ശിഷ്യര്‍ നല്‍കിയ മൊഴികളും കേസിൽ നിര്‍ണായകമായി. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്‍റെ ഹാര്‍ഡ് ഡിസ്കും അഭിമുഖം അടങ്ങിയ പെന്‍ഡ്രൈവും കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്കു പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270393/thiruvanaththapuram)