---
title: "ബത്തേരിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; അമ്മക്കടുവയ്ക്കായി തെരച്ചില്‍"
english_title: "Tiger Cub"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27047/Tiger-Cub"
published_at: "2022-02-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f5845adac0_Screenshot_20220218_134614.jpg"
keywords: []
---

# ബത്തേരിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; അമ്മക്കടുവയ്ക്കായി തെരച്ചില്‍

> **Lead Summary:** വയനാട്: വയനാട് ബത്തേരി മന്ദംകൊല്ലിയിലെ ജനവാസ മേഖലയിൽ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ച് രക്ഷിച്ചു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു.

## Article Content

വയനാട്: വയനാട് ബത്തേരി മന്ദംകൊല്ലിയിലെ ജനവാസ മേഖലയിൽ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ച് രക്ഷിച്ചു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബീനാച്ചി എസ്റ്റേറ്റിന് സമീപമുള്ള ബത്തേരി മന്ദം കൊല്ലിയിലെ ജനവാസ മേഖലയിൽ ആറ് മാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉന്നത വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി.ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തില്‍ കടുവയെ മയക്കുവെടി വച്ച് രക്ഷപ്പെടുത്തി.

ബത്തേരി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് കടുവയ്ക്ക് പിന്നീട് ചികിത്സ നൽകി. കടുവയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു. ആറ് മാസം പ്രായമായ പെൺകടുവയുടെ അമ്മ മന്ദംകൊല്ലിയിലെ വനമേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

അമ്മക്കടുവയെ കണ്ടെത്തി കടുവയെ കാട്ടിലേക്ക് തുറന്നു വിടാനാണ് തീരുമാനം. മന്ദംകൊല്ലിയിൽ ഒരു വർഷം മുൻപ് വളർത്തു മൃഗങ്ങളെ കൊന്ന കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു.

വേനൽ കനത്തതോടെ കർണാടകയിലെ വനമേഖലയിൽ നിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് കടുവകൾ കൂട്ടത്തോടെ എത്തുന്ന സമയമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27047/Tiger-Cub)