---
title: "മഹാകുംഭമേള ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപിക്കും"
english_title: "Preyagraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273039/preyagraj"
published_at: "2025-02-26T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bec56f0dd9f_IMG-20250226-WA0020.jpg"
keywords: []
---

# മഹാകുംഭമേള ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപിക്കും

> **Lead Summary:** പ്രയാഗ്‌രാജ്: ലോകശ്രദ്ധ നേടിയ മഹാകുംഭമേള ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപിക്കും. 45 ദിവസത്തെ തീർത്ഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം.

## Article Content

പ്രയാഗ്‌രാജ്: ലോകശ്രദ്ധ നേടിയ മഹാകുംഭമേള ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപിക്കും. 45 ദിവസത്തെ തീർത്ഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം.

നിരവധി ഭക്തരാണ് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് എത്തിയത്. അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പ്രയാഗ്‌രാജിൽ സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്.

അതേസമയം കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്കു പ്രവേശനമില്ലെന്നും വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. 37,000 പൊലീസുകാരെയും 14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകൾ, 3 ‘ജൽ’ പൊലീസ് സ്റ്റേഷനുകൾ, 18 ‘ജൽ’ പൊലീസ് കൺട്രോൾ റൂമുകൾ, 50 വാച്ച് ടവറുകൾ എന്നിവയാണ് തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയതെന്ന് ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273039/preyagraj)