---
title: " ലഹരിക്കെതിരെ സാമൂഹിക അവബോധ പരിപാടികളുമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275437/peravoor"
published_at: "2025-03-09T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd09a616750_IMG-20250309-WA0011.jpg"
keywords: []
---

#  ലഹരിക്കെതിരെ സാമൂഹിക അവബോധ പരിപാടികളുമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പേരാവൂർ** : ലഹരി വിപത്തിനെതിരെ എക്സൈസ്, ആഭ്യന്തരവകുപ്പുകൾ തികഞ്ഞ ജാഗ്രത പുലർത്തുക, ആശാവർക്കർമാരുടെ സമരത്തിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആശയങ്ങൾ ഉന്നയിച്ച് ബോധവൽകരണം നടത്താൻ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

## Article Content

**പേരാവൂർ** : ലഹരി വിപത്തിനെതിരെ എക്സൈസ്, ആഭ്യന്തരവകുപ്പുകൾ തികഞ്ഞ ജാഗ്രത പുലർത്തുക, ആശാവർക്കർമാരുടെ സമരത്തിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആശയങ്ങൾ ഉന്നയിച്ച് ബോധവൽകരണം നടത്താൻ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

ഇടത് സർക്കാരിന്റെ ഒത്താശയോടുകൂടി കേരളത്തിൽ വ്യാപകമായി യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിക്ക് അടിമപ്പെടുത്തുന്ന വിധത്തിൽ ലഹരി ഉത്പന്നങ്ങളും, എം.ഡി എം.എ പോലുള്ള രാസ ലഹരി പദാർത്ഥങ്ങളും ലഭ്യമാവുന്ന ഒരു ഹബ്ബായി കേരളത്തെ മാറ്റിയതിൽ അതി ശക്തമായി പ്രതിഷേധിക്കുകയും, ഈ ലഹരി വിപത്തിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വ്യാപകമായ പ്രചരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തുവാനും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

ലഹരിക്കതിരായി സർക്കാർ കൈക്കൊള്ളുന്ന നടപടികൾ ഊർജ്ജിതമാക്കണമെന്നും ഇതിന്റെ സ്രോതസ് കണ്ടെത്തി പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

അതുപോലെ കഴിഞ്ഞ ഒരു മാസക്കാലത്തോളമയി സെക്രട്ടറിയേറ്റ് പഠിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിച്ചുകൊണ്ട് അവരുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം ലിസി ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജയിംസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, പി സി രാമകൃഷ്ണൻ, പി അബൂബക്കർ, ചോടത്ത് ഹരിദാസ്, സണ്ണി സിറിയക്ക് ,റോയ് നമ്പുടാകം,സന്തോഷ് ജോസഫ് മണ്ണാർകുളം , നമേഷ് കുമാർ, ഷഫീർ ചെക്ക്യാട്ട്, മാത്യു എടത്താഴെ, ശശീന്ദ്രൻ തുണ്ടിത്തറ,ബിജു ഓളാട്ടുപുറം, സി ജെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275437/peravoor)