---
title: "സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് സംഘങ്ങളായി തിരിഞ് അന്വേഷണം"
english_title: "Haridasan merder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27574/haridasan-merder"
published_at: "2022-02-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213613d2d373_Screenshot_20220221_152329.jpg"
keywords: []
---

# സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് സംഘങ്ങളായി തിരിഞ് അന്വേഷണം

> **Lead Summary:** കണ്ണൂര്‍: തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. ക്ഷേത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

## Article Content

കണ്ണൂര്‍: തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. ക്ഷേത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

ആറ് സംഘങ്ങളായി തിരിഞ്ഞായിരിക്കും അന്വേഷണം. കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നടക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് അന്വേഷണത്തിന് ശേഷമേ പറയാനാവൂ. പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി കൗണ്‍സിലര്‍ ലിജിഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, കൊലയാളി സംഘത്തില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഹരിദാസിന്റെ സഹോദരന്‍ സുരേന്ദ്രന്‍ പറഞ്ഞു. ജോലി കഴിഞ്ഞ് ചേട്ടന്‍ എത്താന്‍ വൈകിയതിനാല്‍ വീട്ടുകാര്‍ വിളിച്ചിട്ടാണ് താന്‍ വന്നത്. ആക്രമണത്തിന്റെ ബഹളം കേട്ടാണ് താന്‍ പുറത്തിറങ്ങിയത്.

സംഘം തനിക്കു നേരെ വടിവാളു വീശി. പ്രതികള്‍ പ്രദേശവാസികള്‍ തന്നെയാണ്. എല്ലാവരും ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണ്. അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, ഹരിദാസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.മൃതദേഹം വിലാപയാത്രമായി തലശേരിയിലെ പാര്‍ട്ടി ഓഫീസിലും, വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27574/haridasan-merder)