---
title: "സ്കൂള്‍ തുറന്നിട്ടും പടിക്ക് പുറത്ത് നില്‍ക്കുകയാണ് ആനപ്പടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍"
english_title: "School-Reopen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27605/school-reopen"
published_at: "2022-02-21T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62137e5a747ae_IMG_20220221_172105.jpg"
keywords: []
---

# സ്കൂള്‍ തുറന്നിട്ടും പടിക്ക് പുറത്ത് നില്‍ക്കുകയാണ് ആനപ്പടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** നീണ്ട അവധിക്ക് ശേഷം ഉത്സാഹത്തോടെയാണ് അവരെല്ലാവരും തങ്ങളുടെ സ്കൂളിലെത്തിയത്. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ സ്കൂളിലെത്തിയെങ്കിലും ക്ലാസില്‍ കയറാന്‍ പറ്റാതെ പുറത്ത് നില്‍ക്കുകയാണ് കുട്ടികള്‍.

## Article Content

നീണ്ട അവധിക്ക് ശേഷം ഉത്സാഹത്തോടെയാണ് അവരെല്ലാവരും തങ്ങളുടെ സ്കൂളിലെത്തിയത്. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ സ്കൂളിലെത്തിയെങ്കിലും ക്ലാസില്‍ കയറാന്‍ പറ്റാതെ പുറത്ത് നില്‍ക്കുകയാണ് കുട്ടികള്‍.

പല ക്ലാസ് മുറികളിലും ഓടുകള്‍ പൊട്ടി കിടക്കുകയാണ്. ഓടുകള്‍ മാത്രമല്ല, ചില ക്ലാസുകളില്‍ ഉത്തരത്തിന് ബലം നല്‍കാന്‍ വച്ച പട്ടികകള്‍‌ പോലും പൊട്ടി താഴെ വീണിട്ടുണ്ട്. ചില പട്ടികകള്‍ ചിതലരിച്ച് ഏത് നിമിഷവും നിലംപോത്താമെന്ന അവസ്ഥയിലാണ്.

ക്ലാസ് മുറികളിലിരുന്നാല്‍ ഏത് നിമിഷവും തലയില്‍ ഓടുകള്‍ പൊട്ടിവീഴാമെന്നതാണ് അവസ്ഥ. രണ്ട് വര്‍ഷമായി യാതൊരു വിധത്തിലുമുള്ള നവീകരണം സ്കൂളില്‍ നടത്തിയിട്ടില്ല. സ്കൂളിലേക്ക് അവധി കഴിഞ്ഞ് കുട്ടികളെത്തുമ്പോള്‍ മാനേജ്മെന്‍റിന്‍റെ ആരും തന്നെ സ്കൂളിലുണ്ടായിരുന്നില്ല.

ക്ലാസ് മുറികളിലിരിക്കാന്‍ പേടിയാണെന്നും സ്കൂളില്‍ കയറാന്‍ പറ്റാത്തതിനാല്‍ സങ്കടമാണെന്നും പല ക്ലാസുകളിലും പലകകള്‍ പൊളിഞ്ഞ് തങ്ങളുടെ ശരീരത്തില്‍ വീഴുന്ന അവസ്ഥയിലാണെന്നും ക്ലാസുകളില്‍ ഇരിക്കാന്‍ പറ്റില്ലെന്നും വിദ്യാര്‍ത്ഥിനിയായ അശ്വനി എസ് കൃഷ്ണ പറഞ്ഞു.

ഏയ്ഡഡ് സ്ക്കൂളാണ് ആനപ്പടി എഎംഎല്‍ സ്കൂള്‍. അതുകൊണ്ട് തന്നെ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് സ്വത്ത് അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആരാണ് സ്കൂള്‍ നന്നാക്കേണ്ടതെന്ന് തര്‍ക്കത്തെ തുടര്‍ന്നാണ് സ്കൂളിന്‍റെ നവീകരണം നിലച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27605/school-reopen)