---
title: "കണ്ണൂർ സർവ്വകലാശാല വിസി നിയമനം:സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ഇന്ന് "
english_title: "Kannur university vc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27889/kannur-university-vc"
published_at: "2022-02-23T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621597ac34913_n3619142181645582186565dffd6421804d7122480d14daee90c5cf721f56be015dbd9f272752f0b44eaf2f.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല വിസി നിയമനം:സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ഇന്ന് 

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വിധി പ്രസ്താവിക്കും.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വിധി പ്രസ്താവിക്കും.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്താണ് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമനമല്ല മറിച്ച്‌ പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍.

കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളിക്കളഞ്ഞിരുന്നു. മന്ത്രി നിര്‍ദേശം മുന്നോട്ടുവെക്കകു മാത്രമാണ് ചെയ്തത്. തീരുമാനമെടുക്കേണ്ടത് ചാന്‍സലറായ ​ഗവര്‍ണറാണ്. മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന വിധിയോടെ ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27889/kannur-university-vc)