---
title: "കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷന്‍."
english_title: "Kuthiravatam mental hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27895/kuthiravatam-mental-hospital"
published_at: "2022-02-23T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62159e1a8a0ff_images (6).jpeg"
keywords: []
---

# കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷന്‍.

> **Lead Summary:** കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷന്‍.

## Article Content

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷന്‍.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുതിരവട്ടത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെടുകയും അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. മാനസികാരോഗ്യകേന്ദ്രത്തിലെ വനിതാ സെല്‍ സന്ദര്‍ശിച്ച കമ്മീഷന്‍ സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

വളരെ മോശമായ ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. രോഗവിമുക്തി നേടിയവരെ തിരികെക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെട്ടേക്കും. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത. കുതിരവട്ടത്ത് നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി എട്ടുപേരെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27895/kuthiravatam-mental-hospital)