---
title: "തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗ് ഹരിത കലാലയമായി പ്രഖ്യാപിച്ചു"
english_title: "Collegeofengineering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279374/collegeofengineering"
published_at: "2025-03-27T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e5206068c9a_1000070497.jpg"
keywords: []
---

# തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗ് ഹരിത കലാലയമായി പ്രഖ്യാപിച്ചു

> **Lead Summary:** **തലശ്ശേരി : ** കോളജ് ഓഫ് എൻജിനിയറിംഗ് തലശ്ശേരി ഇനി ഹരിത കലാലയം. കോളജിൽ നടന്ന പരിപാടിയിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. പരിപാടിയിൽ നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. ജില്ലയിൽ നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ഏക കലാലയമായി കോളജ് ഓഫ് എൻജിനിയറിംഗ് തലശ്ശേരി. സംസ്ഥാനത്ത് ഏഴു കോളേജുകൾക്കാണ് നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

## Article Content

**തലശ്ശേരി : ** കോളജ് ഓഫ് എൻജിനിയറിംഗ് തലശ്ശേരി ഇനി ഹരിത കലാലയം. കോളജിൽ നടന്ന പരിപാടിയിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. പരിപാടിയിൽ നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. ജില്ലയിൽ നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ഏക കലാലയമായി കോളജ് ഓഫ് എൻജിനിയറിംഗ് തലശ്ശേരി. സംസ്ഥാനത്ത് ഏഴു കോളേജുകൾക്കാണ് നെറ്റ് സീറോ എമിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ മാതൃകാപരമായി നടപ്പിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയപ്രഖ്യാപനം.

വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകാൻ സാധിക്കണമെന്നും മാലിന്യ സംസ്കരണത്തിൽ കൃത്യമായ പൊതുബോധം ഉണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു. സിന്തറ്റിക്-രാസ ലഹരി എല്ലാ അതിർത്തികളും കടന്ന് നമ്മുടെ വീടുകളിൽ വരെ എത്തുന്ന സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജ കാര്യക്ഷമതാ നടപടികൾ നടപ്പിലാക്കൽ, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കൽ, മാലിന്യം കുറയ്ക്കൽ, കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ, സസ്യജാലങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ പ്രകൃതിദത്ത കാർബൺ നീക്കം ചെയ്യൽ എന്നിവയിലൂടെയാണ് ക്യാമ്പസ് നെറ്റ് സീറോ എമിഷൻ നേട്ടം കൈവരിച്ചത്. 2013 മുതൽ ഗ്രീൻ ക്യാമ്പസ് ഇനിഷ്യേറ്റീവ് പ്രവർത്തിച്ചു വരുന്നുണ്ട്. ക്യാമ്പസിൽ വളർന്നുവരുന്ന ചെടികളെയും മരങ്ങളെയും തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങൾ പ്രദർശിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ പ്രവർത്തനങ്ങൾ.  ക്യാമ്പസിൽ പൂർണമായും സോളാർ പാനൽ പ്രവർത്തിക്കുന്നുണ്ട്.മഴവെള്ള സംഭരണം,  ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ അധ്യക്ഷയായി. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ലത കാണി ആശയവിവരണം നടത്തി. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ: എബി ഡേവിഡ്, എൻസിസി അസോസിയേറ്റ് ഓഫീസർ ദിനിൽ ധനഞ്ജയൻ, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ടി അഷിത, കോളേജ് യൂണിയൻ വിദുൻ ലാൽ, ഗ്രീൻ ക്യാമ്പസ് ഇനിഷ്യേറ്റീവ് കോഡിനേറ്റർ ഡോ: ഉസ്മാൻ കോയ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279374/collegeofengineering)