---
title: "പയ്യാവൂർ ഊട്ടുത്സവം:കിരാതമൂർത്തിക്ക് ഓമനക്കാഴ്ച സമർപ്പിച്ചു"
english_title: "Payyavur Feast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27954/Payyavur-Feast"
published_at: "2022-02-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215e80fb9d94_Picsart_22-02-23_13-23-03-041.jpg"
keywords: []
---

# പയ്യാവൂർ ഊട്ടുത്സവം:കിരാതമൂർത്തിക്ക് ഓമനക്കാഴ്ച സമർപ്പിച്ചു

> **Lead Summary:** ശ്രീകണ്ഠപുരം: പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായി ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച്ച കിരാതമൂർത്തിക്ക് സമർപ്പിച്ചു.ഇതോടെ കുടകർ കാളകളുമായി മടങ്ങി. മഹോത്സവ ദിനത്തിൽ പതിനായിരങ്ങളാണ് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തിയത്.

## Article Content

ശ്രീകണ്ഠപുരം: പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായി ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച്ച കിരാതമൂർത്തിക്ക് സമർപ്പിച്ചു.ഇതോടെ കുടകർ കാളകളുമായി മടങ്ങി. മഹോത്സവ ദിനത്തിൽ പതിനായിരങ്ങളാണ് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തിയത്.

ചൂളിയാട്ടെ തൈവളപ്പ്,നല്ലൂർ, തടത്തിൽകാവ് , ചെമ്പോച്ചേരി,മടപ്പുരക്കൽ എന്നീ തറവാടുകളിലെ അഞ്ച് കുഴികളിലായി പഴുക്കാൻ വച്ച കുലകളുമായി രാവിലെ പുറപ്പെട്ട ഓമനക്കാഴ്ച 18 കിലോമീറ്ററോളം നടന്നാണ് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തിയത്.

വാദ്യമേളങ്ങളും മുത്തു കുടകളുമായെത്തിയ ഓമനക്കാഴ്ചയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഇരൂഡ് പുഴ കടന്ന് എത്തിയ കാഴ്ചയെ പയ്യാറ്റുവയലിൽ വച്ച് ദേവസ്വം അധികാരികൾ സ്വീകരിച്ചു. കാഴ്ച ദേവന് സമർപ്പിച്ചതോടെയാണ് കുടകർ കാളകളുമായി തിരികെ മടങ്ങിയത്.

രാവിലെ നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കലോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. താഴത്തമ്പലത്തില്‍നിന്ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും പിന്നീട് തിരുനൃത്തവും കോമരത്തച്ചന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27954/Payyavur-Feast)