---
title: "ആനപ്പാറയിൽ കടുവ ഭീതി ഒഴിയുന്നില്ല; പ്രദേശവാസികൾ ആശങ്കയിൽ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280406/kalpetta"
published_at: "2025-04-01T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb430e24fa2_Walking_tiger_female.jpg"
keywords: []
---

# ആനപ്പാറയിൽ കടുവ ഭീതി ഒഴിയുന്നില്ല; പ്രദേശവാസികൾ ആശങ്കയിൽ

> **Lead Summary:** കൽപറ്റ : ചുണ്ടേൽ ആനപ്പാറ നിവാസികൾക്ക് കടുവ ഭീതി ഒഴിഞ്ഞ് സമാധനത്തോടെ ഉറങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപാണ് തള്ളക്കടുവയും കുട്ടികളും പ്രദേശത്ത് ഭീതി പടർത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആനപ്പാറയിൽ കടുവ ഇറങ്ങുകയും പശുവിനെ കൊന്നു തിന്നുകയും ചെയ്തതോടെ ഭീതി ഇരട്ടിക്കുകയാണ്. വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളുടെ അതിർ‌ത്തി പ്രദേശത്താണ് കടുവയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.

## Article Content

കൽപറ്റ : ചുണ്ടേൽ ആനപ്പാറ നിവാസികൾക്ക് കടുവ ഭീതി ഒഴിഞ്ഞ് സമാധനത്തോടെ ഉറങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപാണ് തള്ളക്കടുവയും കുട്ടികളും പ്രദേശത്ത് ഭീതി പടർത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആനപ്പാറയിൽ കടുവ ഇറങ്ങുകയും പശുവിനെ കൊന്നു തിന്നുകയും ചെയ്തതോടെ ഭീതി ഇരട്ടിക്കുകയാണ്. വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളുടെ അതിർ‌ത്തി പ്രദേശത്താണ് കടുവയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തോട്ടം തൊഴിലാളിയായ ഈശ്വരന്റെ പശുവിനെ കാണാതായിരുന്നു. ശനിയാഴ്ച ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പശുവിന്റെ ജഡം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്നും കടുവയുടെ കാൽപ്പാടുകളും കണ്ടെത്തിട്ടിരുന്നു. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷ കാമറകളും സ്ഥാപിച്ചിരുന്നു.

2024 ഒക്ടോബർ 21ന് ഹാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം മൂന്നു പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തതോടെയാണ് ആനപ്പാറ കടുവ ഭീതിയിലാകുന്നത്. തുടർന്നിങ്ങോട്ട് നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ തള്ളക്കടുവയും മൂന്നു കുട്ടികളും കുടുങ്ങിയതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു.

നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയ കടുവകൾ പിന്നീട് വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നില്ലെങ്കിലും ഇവ പദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇവയെ പിടികൂടാനായി ഒക്ടോബർ 28-ന് കർണാടകത്തിൽ നിന്നും കൊണ്ട് വന്ന വലിയ കൂടി സ്ഥാപിച്ചിരുന്നു. എന്നാൽ കടുവകൾ കൂട്ടിൽ കുടുങ്ങിയില്ല. പിന്നീട് കാൽപ്പാടുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ നവംബർ 20 ഓടെ കടുവ കുടുംബം താമരശ്ശേരി ചുരം ഭാഗത്തേക്ക് നീങ്ങിയെന്ന് കണ്ടെത്തി. ഇതോടെ ഭീതിയൊഴിഞ്ഞുവെന്ന് ആശ്വസിച്ചിരിക്കെയാണ് പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണത്തിൽ പശു ചത്തത്. പ്രദേശത്ത് എസ്റ്റേറ്റുകൾ വൻ തോതിൽ കാടുപിടിച്ചു കിടക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യത്തിന് ഇടയാക്കുന്നുണ്ട്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280406/kalpetta)