---
title: "വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ഒരു സംഘമാളുകൾ ബസ്സുകൾ തടഞ്ഞിട്ട് ഡ്രൈവർമാരെ മർദ്ദിച്ചു"
english_title: "The drivers were beaten"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28125/The-drivers-were-beaten"
published_at: "2022-02-24T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217288d52fb8_Screenshot_20220224_120746.jpg"
keywords: []
---

# വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ഒരു സംഘമാളുകൾ ബസ്സുകൾ തടഞ്ഞിട്ട് ഡ്രൈവർമാരെ മർദ്ദിച്ചു

> **Lead Summary:** പയ്യന്നൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ഒരു സംഘമാളുകൾ ബസ്സുകൾ തടഞ്ഞിട്ട് ഡ്രൈവർമാരെ മർദ്ദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് പയ്യന്നൂർ - കണ്ണൂർ റൂട്ടിൽ ഇന്ന് രാവിലെ മുതൽ ബസ്സോട്ടം നിലച്ചു.ഇതോടെ യാത്രക്കാർ പെരുവഴിയിലായി.

## Article Content

പയ്യന്നൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ഒരു സംഘമാളുകൾ ബസ്സുകൾ തടഞ്ഞിട്ട് ഡ്രൈവർമാരെ മർദ്ദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് പയ്യന്നൂർ - കണ്ണൂർ റൂട്ടിൽ ഇന്ന് രാവിലെ മുതൽ ബസ്സോട്ടം നിലച്ചു.ഇതോടെ യാത്രക്കാർ പെരുവഴിയിലായി.

ഇന്നലെ വൈകീട്ട് 4.30 വോടെ ഏഴിലോട് വെച്ചാണ് സംഭവം. എടാട്ടുള്ള പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റിയില്ലെന്നാരോപിച്ച് അഞ്ച് ബൈക്കുകളിലായി പിന്തുടർന്ന വിദ്യാർത്ഥികളും മറ്റുള്ളവരും ചേർന്നാണ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒണിക്സ്, ഫാത്തിമാസ്, അശ്വിൻ എന്നീ ബസ്സുകൾ ഏഴിലോട് വെച്ച് തടഞ്ഞ് വെച്ചത്.

ഇതേ തുടർന്ന് പൊരിഞ്ഞ വാക്കേറ്റം നടക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയവർ ഡ്രൈവർ സീറ്റിനരികിലെത്തി ഒണിക്സ് ബസ്സിലെയും ഫാത്തിമാസ് ബസ്സിലെയും ഡ്രൈവർമാരെ പൊതിരെ തല്ലിയത്.പരിക്കേറ്റ ഒണിക്സ് ബസ്സ് ഡ്രൈവർ ബക്കളം സ്വദേശി കിഷോറിനെ (22) തളിപറമ്പ് ഗവ: ആശുപത്രിയിലും ഫാത്തിമാസ് ബസ്സ് ഡ്രൈവർ മുണ്ടേരി സ്വദേശി മിഥുനെ(29) കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കാലത്തു മുതലാണ് ബസ്സ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഇതേ തുടർന്ന് പയ്യന്നൂർ -കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സോട്ടം നിലച്ചിരിക്കുകയാണ്. ബസ്സ് സമരത്തെ തുടർന്ന് യാത്രക്കാർ ദുരിതത്തിലുമായി. ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ബസ്സ് ജീവനക്കാരുടെ ജീവന് നേരെ ഭീഷണി ഉയർത്തുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ പോലീസ് തയ്യാറാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ കയറ്റിയിട്ടും അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചതാണെന്നും, ഡ്രൈവർമാരെ മർദ്ദിച്ചതിൽ വിദ്യാർത്ഥികളെ കൂടാതെ പുറത്തു നിന്ന് എത്തിയവരും ഉണ്ടായിരുന്നുവെന്നും ബസ്സ് ജീവനക്കാർ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28125/The-drivers-were-beaten)