---
title: "നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി."
english_title: "Actress assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28288/actress-assault-case"
published_at: "2022-02-25T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218422e958a0_images (3).jpeg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

## Article Content

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

അന്വേഷണം പൂര്‍ത്തിയാക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മൂന്നുമാസംകൂടി സാവകാശംതേടി. പ്രോസിക്യൂഷന്‍ രേഖാമൂലമാണ് സാവകാശം തേടിയത്.

തുടരന്വേഷണപദ്ധതിയും രേഖകളും അടക്കം വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറില്‍ കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ പരിചയമില്ലെന്നും സ്വാഭാവികസാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

ബാലചന്ദ്രകുമാര്‍ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ല. പൊലീസിന് പരാതി നല്‍കുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരുമാസംമുമ്ബ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിക്കുന്നതില്‍ എന്താണ് തടസ്സമെന്നും കോടതി ആരാഞ്ഞു.

ഗൂഢാലോചന കേസ് ചുമത്താന്‍തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്ന് ദിലീപ് ബോധിപ്പിച്ചു. ആദ്യ കേസന്വേഷണത്തിലെ പാളിച്ച ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു. കെട്ടിച്ചമച്ച കഥയാണ് വധ ഗൂഢാലോചനയെങ്കില്‍ അപാകമില്ലാത്ത ഒരു കഥ അവതരിപ്പിക്കാമായിരുന്നില്ലേ എന്നു കോടതി തിരിച്ചുചോദിച്ചു. ആരോപണം തെറ്റാണെന്ന് പൂര്‍ണബോധ്യമുണ്ടെങ്കില്‍ തുടരന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് അതിജീവിത ആരാഞ്ഞു. അന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നും അവര്‍ ബോധിപ്പിച്ചു.

നടിയെ ആക്രമിക്കല്‍ : വിചാരണ നീട്ടിയേക്കും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറുമാസംകൂടി നീട്ടിയേക്കും. ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്ന സാഹചര്യത്തിലാണിത്. മാര്‍ച്ച്‌ ഒന്നിനകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും വിചാരണ നീട്ടുന്നത്. ഇതിന് വിചാരണക്കോടതി സുപ്രീംകോടതിയെ സമീപിച്ചേക്കും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപ്, സഹാേദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് തുടങ്ങി ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നുപേരെയും ചോദ്യം ചെയ്തു. ദിലീപും സംഘവും കോടതിയില്‍ നല്‍കിയ ആറ് മൊബൈല്‍ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ടുകളും ഹൈക്കോടതി അന്വേഷകസംഘത്തിന് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28288/actress-assault-case)