---
title: "ഇരിക്കൂറിലെ കാൽപ്പന്തുകളിയുടെ ആവേശമായി ഡ്രീം വേൾഡ് കപ്പിന് മാർച്ച് 19ന് പന്തുരുളും"
english_title: "Dream world Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28682/dream-world-cup"
published_at: "2022-02-27T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621adbff95be1_IMG-20220227-WA0008.jpg"
keywords: []
---

# ഇരിക്കൂറിലെ കാൽപ്പന്തുകളിയുടെ ആവേശമായി ഡ്രീം വേൾഡ് കപ്പിന് മാർച്ച് 19ന് പന്തുരുളും

> **Lead Summary:** ഇരിക്കൂർ : ലോകം ഉറ്റു നോക്കുന്ന ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് മലയോരത്തിലെ പ്രസിദ്ധ ഫുട്ബോൾ ഗ്രാമമായ ഇരിക്കൂറിൽ ഡ്രീം വേൾഡ് കപ്പിന് മാർച്ച് 19ന് പന്തുരുളുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഇരിക്കൂർ : ലോകം ഉറ്റു നോക്കുന്ന ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് മലയോരത്തിലെ പ്രസിദ്ധ ഫുട്ബോൾ ഗ്രാമമായ ഇരിക്കൂറിൽ ഡ്രീം വേൾഡ് കപ്പിന് മാർച്ച് 19ന് പന്തുരുളുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 അര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇരിക്കൂറിൽ കാൽപ്പന്തുകളിയിൽ ചരിത്രം തീർത്ത ഡൈനാമോസ് ഫുട്ബോൾ ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മാർച്ച് 19 മുതൽ 26 വരെ ഇരിക്കൂർ ഡൈനാമോസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കായികപ്രേമികൾക്ക് സൗജന്യമായി ഫുട്ബോൾ കളി കാണാനുള്ള അവസരമാണ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്.

 15 രാജ്യങ്ങളുടെ പേരിലുള്ള ടീമുകളെ അണിനിരത്തുന്ന ടൂർണ്ണമെന്റിൽ വേൾഡ് കപ്പ് ഗോൾഡൻ ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപ പ്രൈസ് മണിയും നൽകുന്നതാണ്.

 13 രാജ്യങ്ങളുടെ പേര് ലേലത്തിൽ കൊള്ളുന്ന ടീമിന് ആ രാജ്യത്തിന്റെ പേരിൽ ഇന്ത്യയിലെ ഏത് കളിക്കാരെയും ഇറക്കി കളിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഈ ടൂർണ്ണമെന്റിന്റെ പ്രധാന സവിശേഷത. ഓരോ രാജ്യത്തിന്റെയും ടീമിന്റെ പേരിനായി 15000 രൂപ ബേസ് എമൗണ്ട് നിശ്ചയിച്ച് ലേലം ആരംഭിക്കുകയും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ടീമിന് അംഗീകാരം കൊടുക്കുന്നതുമാണ്. മാർച്ച് രണ്ടാം തീയതിയാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. രജിസ്ട്രേഷൻ തുക 5000 രൂപ അഡ്വാൻസായി അടക്കേണ്ടതാണ്.ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമിനുള്ള ജഴ്സി ടൂർണ്ണമെന്റ് കമ്മിറ്റി സൗജന്യമായി നൽകുന്നതാണ്.

  ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന 140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഡ്രീം വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിലൂടെ ഇരിക്കൂർ ഡൈനാമോസ് ക്ലബ് ലക്ഷ്യമിടുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇന്ത്യയിൽ വേൾഡ് കപ്പ് മാതൃകയിൽ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മലയോരത്തെ ഏറ്റവും കാണികളെ ആകർഷിക്കുന്ന മത്സരത്തിനാണ് ഡൈനാമോസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

  ചെയർമാൻ കെ.ആർ അബ്ദുൽ ഖാദർ, ജനറൽ കൺവീനർ എ.പി മർസൂക്ക്, ട്രഷറർ മുസ്തഫ കീത്തടത്ത്, ടെക്നിക്കൽ കോഡിനേറ്റർ ഡയറക്ടർ അലാന രാജൻ, കോഡിനേറ്റർ പി.എം ഹനീഫ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..

  ഫുട്ബോൾ ടൂർണമെന്റ് ബ്രോഷർ പ്രകാശനത്തിൽ യു.പി അബ്ദുറഹ്മാൻ, മടവൂർ അബ്ദുൽ ഖാദർ, ഇ.കെ ശ്രീധരൻ, എം.പി ഹാരിസ്, മുഹ്സിൻ ഇരിക്കൂർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28682/dream-world-cup)